ഓരോ വനിതാദിനവും ആഹ്വാനങ്ങളിലും കടലാസുകളിലും ഭംഗിയുള്ള പോസ്റ്ററുകളിലും ഒതുങ്ങിയാൽപ്പോരെന്നും രാഷ്ട്രീയ അധികാര കേന്ദ്രങ്ങളിലും നിയമ നിർമാണ മേഖലകളിലും കലാസാംസ്കാരിക രംഗങ്ങളിലും പൊതു ഇടപെടലുകളിലും സ്ത്രീകൾക്കു തടസമില്ലാതെ കടന്നുവരാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കപ്പെടണമെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സംസ്കാരിക വകുപ്പിന്റെ സമം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വനിതാ ദിനാഘോഷ ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.നൂതന ആശയങ്ങളിലൂടെ സ്ത്രീ സമൂഹത്തെ മുന്നോട്ടു നയിക്കാൻ സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുകയാണെന്നും ഇതിന്റെ മറ്റൊരു മുഖമാണു ‘സമം’ പദ്ധതിയെന്നും മന്ത്രി പറഞ്ഞു. സ്ത്രീതുല്യ പങ്കാളിത്തം ഉറപ്പാക്കാൻ കഴിയുന്ന സാംസ്കാരിക ബോധവ്തകരണ പദ്ധതിയായ ‘സമം’ രാജ്യത്തിനുതന്നെ മാതൃകയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
