സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ഡിജിറ്റൽ പാഠശാല പദ്ധതിയിലൂടെ സ്ത്രീകളുടെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത എന്ന ലക്ഷ്യത്തിലേക്ക് എത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളായ സ്മാർട്ട് ഫോൺ, സോഷ്യൽ മീഡിയ, ബാങ്കിങ്, നെറ്റ് ബാങ്കിങ്, ഓൺലൈൻ പേയ്മെന്റ് സേവനങ്ങൾ, എടിഎം, സൈബർ സെക്യൂരിറ്റി തുടങ്ങിയവ നിത്യജീവിതത്തിൽ സ്ത്രീ സൗഹൃദമായി ഉപയോഗിക്കുന്നതിനുള്ള പരിശീലനം നൽകുന്ന പദ്ധതിയാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്ന പുരസ്കാരങ്ങളുടെ വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഡിജിറ്റൽ മേഖലിയിൽ സ്ത്രീ-പുരുഷ അന്തരം ഇല്ലാതാക്കണമെന്നും ഡിജിറ്റൽ ഡിവൈഡിനേയും നൂതന സാങ്കേതികവിദ്യാ രംഗത്തെ തൊഴിലന്തരത്തേയും സൈബർ കുറ്റകൃത്യങ്ങളേയുമൊക്കെ മറികടന്നു വേണം നൂതന സാങ്കേതികവിദ്യയെ ലിംഗസമത്വത്തിനായുള്ള ഉപാധിയായി ഉപയോഗിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. നൂതന സാങ്കേതികവിദ്യയും ഡിജിറ്റൽ സൗകര്യങ്ങളും ജനങ്ങളിൽ എത്തിക്കുന്നതിൽ ലോകത്തു വലിയ അന്തരം നിലനിൽക്കുന്നു. സാമ്പത്തികമായ വശങ്ങൾക്കു പുറമേ സാമൂഹികമായ മറ്റൊരു വശംകൂടി ഇതിനുണ്ട്. ലോകത്ത് 60 ശതമാനം സ്ത്രീകൾ മാത്രമേ ഇന്റർനെറ്റ് ഉപയോഗിക്കുന്നുള്ളൂ. പുരുഷന്മാർ 75 ശതമാനത്തോളം വരും. ഇന്ത്യയുടെ കാര്യമെടുത്താൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന വനിതകൾ 30 ശതമാനത്തോളമേ ഉള്ളൂ. വലിയ അന്തരം നിലനിൽക്കുന്നത് ഇതിൽനിന്നു വ്യക്തമാണ്.
