സംസ്ഥാന ശിശുക്ഷേമ സമിതിക്ക് കൂടുതൽ കുട്ടികളെ സംരക്ഷിക്കുന്നതിനായി എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി അഞ്ച് നിലകളിൽ പുതിയ ബഹുനില മന്ദിരം ഒരുങ്ങി. 18,000 ചതുരശ്രഅടി വിസ്തൃതിയിൽ ക്ലാസ് മുറി, കമ്പ്യൂട്ടർ റൂം, കളിസ്ഥലം, ലൈബ്രറി എന്നീ ആധുനിക സൗകര്യങ്ങൾ എല്ലാമുള്ള 80 ഓളം കുട്ടികളെ താമസിപ്പിച്ച് സംരക്ഷിക്കാൻ കഴിയുന്ന ബഹുനില മന്ദിരം തൈയ്ക്കാട് ശിശുക്ഷേമസമിതി ഓഫീസിനോടനുബന്ധിച്ച് പണിത് നൽകിയത് അദീബ് ആൻഡ് ഷഫീന ഫൗണ്ടേഷനാണ്. ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കുള്ള ഏറ്റവും മികച്ച പുതുവത്സര സമ്മാനമാണ് പുതിയ മന്ദിരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആറ് മുതൽ 18 വയസ്സ് വരെ പ്രായമുള്ള, ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളെ സംരക്ഷിക്കുന്നതിന്, അവർക്ക് വിദ്യാഭ്യാസം നൽകുന്നതിന്, തൊഴിൽ നൈപുണി ലഭ്യമാക്കുന്നതിന് മികച്ച സൗകര്യങ്ങൾ ആവശ്യമാണ്. അത് തിരിച്ചറിഞ്ഞ് എല്ലാവിധ സൗകര്യങ്ങളും ഉള്ള മന്ദിരം പണികഴിപ്പിച്ചു നൽകിയ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എം.ഡി അദീബിനേയും അദ്ദേഹത്തിന്റെ ഭാര്യയും പ്രമുഖ വ്യവസായി എം.എ യൂസഫലിയുടെ മകളുമായ ഷഫീനയേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
കുട്ടികൾക്കായി ചെയ്യുന്നത് ഒന്നും അധികമാവില്ല എന്ന് തിരിച്ചറിഞ്ഞ്, തങ്ങളാൽ ആകാവുന്നത് ചെയ്യണമെന്ന പ്രതിബദ്ധതയുടെ ഭാഗമാണ് അദീബിന്റേയും ഷഫീനയുടേയും പ്രവൃത്തി. സംസ്ഥാനത്തെ സാമ്പത്തിക മേഖലയെ പരിപോഷിപ്പിക്കാൻ സഹായിക്കുന്ന പദ്ധതികൾ നടപ്പാക്കുന്ന ലുലു ഗ്രൂപ്പ് സാമൂഹികപ്രതിബദ്ധതയുള്ള പദ്ധതികളും ഏറ്റെടുക്കുന്നതിനെ അദ്ദേഹം പ്രശംസിച്ചു.
കുട്ടികളുടെ ആരോഗ്യ വിദ്യാഭ്യാസ കാര്യങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ ആണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. ശിശു സൗഹൃദ നാടാണ് നമ്മുടെ ലക്ഷ്യം. ഒമ്പത് ജില്ലകളിൽ ശിശുക്ഷേമ സമിതിക്ക് കേന്ദ്രങ്ങളുണ്ട്. ഇത് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. എല്ലാ ജില്ലകളിലും അമ്മത്തൊട്ടിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ ജില്ലാ, താലൂക്ക് ആശുപത്രികളും കേന്ദ്രീകരിച്ചു അമ്മത്തൊട്ടിൽ ഏർപ്പെടുത്തുന്ന നടപടി പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.