രാജ്യം നേരിടുന്ന പ്രതിസന്ധികൾക്കിടയിലും നർമബോധം നിലനിർത്തുന്ന ജനതയായി തുടരുക എന്നത് വലിയ കാര്യമാണെന്ന് 2022ലെ ബുക്കർ സമ്മാന ജേതാവ് ഷെഹാൻ കരുണതിലക. തന്റെ നാടായ ശ്രീലങ്ക പതിറ്റാണ്ടുകളായി ആഭ്യന്തര യുദ്ധം അടക്കമുള്ള പ്രതിസന്ധികളിലൂടെ കടന്നു പോയതാണെങ്കിലും നർമബോധം നിലനിർത്തുന്ന ജനതയായി തുടരാനായി. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ മീറ്റ് ദി ഓതർ പരിപാടിയിൽ സുനീത ബാലകൃഷ്ണനോട് സംസാരിക്കുകയായിരുന്നു ഷെഹാൻ കരുണതിലക.
ബുക്കർ സമ്മാനം നേടിയ ദ സെവൻ മൂൺസ് ഓഫ് മാലി അൽമേഡ എഴുതിയ സാഹചര്യത്തെക്കുറിച്ച് ഷെഹാൻ വിശദീകരിച്ചു. യുദ്ധ ഫോട്ടോഗ്രാഫറും ചൂതുകളിക്കാരനുമൊക്കെയായ മാലി അൽമേഡയാണ് ബുക്കർ സമ്മാനം നേടിയ നോവലിലെ നായകൻ. തന്റെ മരണം സംഭവിച്ചതെങ്ങനെയെന്ന മാലി അൽമേഡയുടെ അന്വേഷണത്തിലൂടെയാണ് നോവൽ പുരോഗമിക്കുന്നത്. ഏഴു വർഷമെടുത്താണ് നോവൽ പൂർത്തിയാക്കിയത്. ശ്രീലങ്കയിലെ ആഭ്യന്തര കലാപത്തെ പശ്ചാത്തലമാക്കിയാണ് ഷെഹാന്റെ രചന.
എൺപതുകളിലെയും തൊണ്ണൂറുകളിലെയും ശ്രീലങ്കയാണ് ഷെഹാന്റെ കഥകകളുടെ പശ്ചാത്തലം. ”കുട്ടിക്കാലത്ത് കൊളംബോയിലാണ് താമസിച്ചിരുന്നത്. അവിടെ ബോംബ് സ്ഫോടനങ്ങളും മറ്റും നടന്നിരുന്നു. എങ്കിലും ജാഫ്നയിലെയോ ട്രിങ്കോമാലിയിലെയോ പോലെ ഗുരുതരമായിരുന്നില്ല സ്ഥിതി. ജാഫ്നയിലും ട്രിങ്കോമാലിയിലുമൊക്കെ നടക്കുന്ന സംഭവങ്ങൾ മറ്റൊരു രാജ്യത്ത് നടക്കുന്നതു പോലെയാണ് അന്ന് തോന്നിയിരുന്നത്. 35 ാം വയസിലാണ് ആദ്യമായി ജാഫ്ന സന്ദർശിക്കുന്നത്”, ഷെഹാൻ പറഞ്ഞു.