കോഴിക്കോട് : സർക്കാർ ആശുപത്രികൾക്കുള്ള 90% വിതരണം പൂർത്തിയായിട്ടും പല ജില്ലകളിലും അവശ്യമരുന്നുകൾക്കു കടുത്ത ക്ഷാമം നേരിടുന്നതിനെ തുടർന്ന് പരിഹാര നടപടികളുമായി കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ. ആശുപത്രികൾ തയാറാക്കി നൽകിയ വാർഷിക ഇൻഡന്റിന്റെ (ഒരു വർഷത്തേക്ക് എത്ര മരുന്ന് വേണ്ടിവരും എന്ന അനുമാനം) 25% അധികം മരുന്ന് ആശുപത്രികൾക്കു നൽകാൻ സംഭരണകേന്ദ്രം മാനേജർമാർക്ക് അനുമതി നൽകി. മരുന്ന് അധികമുള്ള കേന്ദ്രങ്ങളിൽ നിന്ന് സ്റ്റോക്ക് ഇല്ലാത്ത ആശുപത്രികളിലേക്കു മാറ്റാനും നിർദേശം കൊടുത്തു. ഏപ്രിൽ 1 മുതൽ തന്നെ അടുത്ത സാമ്പത്തിക വർഷത്തെ വിതരണം ആരംഭിക്കാനുള്ള ടെൻഡർ നടപടികൾ ഈയാഴ്ച പൂർത്തിയാക്കും.
