കൊല്ലം: ചെമ്മാമുക്കില്‍ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ പൂർണ നഗ്നമായ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ കേസിൽ അഞ്ചല്‍ സ്വദേശി കസ്റ്റഡിയിൽ.
29 ന് ബീച്ചിൽ വച്ച് യുവതിയെ പരിചയപ്പെട്ടുവെന്നാണ് യുവാവ് പൊലീസിനോടു പറഞ്ഞത്. പിന്നീട് യുവതിയെ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. ഇവിടെവച്ച് ഇവർ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. ഇതിനിടെ യുവതിക്ക് അപസ്മാരം വന്നുവെന്നും ഇതേത്തുടർന്ന് ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. ഡിസംബർ 29 മുതലാണ് കേരളാപുരം സ്വദേശിയായ യുവതിയെ കാണാതായത്.
ഇയാളെ നൈറ്റ് പട്രോളിങ്ങിനിടെ ഡിസംബർ 31ന് കൊട്ടിയം പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ കയ്യിൽ സംശയാസ്പദമായി ഫോൺ കണ്ടതോടെയാണ് പൊലീസ് പിടികൂടിയത്. എന്നാൽ ഫോൺ കളഞ്ഞു കിട്ടിയതാണെന്നു പറഞ്ഞു. ഈ ഫോണിൽനിന്നു പൊലീസ് നമ്പറെടുത്ത് വിളിച്ചപ്പോൾ കാണാതായ യുവതിയുടെ വീട്ടിലേക്കാണു കോൾ പോയത്. ഫോണിന്റെ ഉടമയെ കാണാനില്ലെന്നും പരാതി നൽകിയിട്ടുണ്ടെന്നുമുള്ള വിവരം ഇവർ പൊലീസിനെ അറിയിച്ചു. ഫോൺ പിടിച്ചെടുത്തശേഷം ഇയാളെ പൊലീസ് വിട്ടയച്ചു.