തിരുവനന്തപുരം∙ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം പണം കൊടുക്കാതെ മുങ്ങുന്നത് പതിവാക്കിയ ആൾ പിടിയില്‍. തമിഴ്നാട് തൂത്തുക്കുടി സ്വദേശി വിന്‍സന്റ് ജോണാണ് കൊല്ലത്തുവച്ച് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത് ഭക്ഷണവും കഴിച്ച ശേഷം ലാപ്ടോപ്പുമായി മുങ്ങുകയായിരുന്നു.നാലുദിവസം മുൻപാണ് തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചത്. എല്ലാവിധ സൗകര്യങ്ങളുമുള്ള മുറിയാണ് എടുത്തത്. കൂടാതെ നിറയെ ഭക്ഷണവും ഹോട്ടലിൽ നിന്ന് കഴിച്ചു. അതിനുശേഷം ഒരു കോൺഫറൻസിൽ പങ്കെടുക്കേണ്ടതുണ്ട്, താൽക്കാലികമായി ഉപയോഗിക്കാൻ ലാപ്ടോപ് വേണമെന്ന് റിസപ്ഷനില്‍ ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ ആ ലാപ്ടോപ്പുമായി മുങ്ങുകയായിരുന്നു. ഹോട്ടല്‍ അധികൃതർ നൽകിയ പരാതിയിൽ നടന്ന അന്വേഷണത്തിനൊടുവിലാണ് ഇയാളെ കൊല്ലത്തുവച്ച് പിടിച്ചത്.
