പത്തനംതിട്ട∙ മാത്തൂര്‍ സ്വദേശിയെ ട്രെയിനില്‍ നിന്ന് കാണാതായെന്ന് പരാതി. സഹോദരിയുടെ മകളെ ആന്ധ്രാപ്രദേശില്‍ നഴ്സിങ് കോഴ്സിന് ചേര്‍ക്കാൻ പോയി വരും വഴി മാത്തൂര്‍ സ്വദേശി എം.കെ.അനിലിനെയാണ് കാണാതായത്. നവംബർ 3–ാം തീയതിയാണ് തിരുപ്പതിയില്‍നിന്ന് ട്രെയിനില്‍ കയറിയത്. സഹോദരിയും ഭാര്യയും മകളുമായിരുന്നു ഒപ്പമുണ്ടായിരുന്നത്. എറണാകുളത്ത് എത്തിയപ്പോഴാണ് അനിലിനെ കാണാനില്ല എന്നറിഞ്ഞത്. മരംവെട്ട് തൊഴിലാളിയാണ് അനില്‍. അനിലിന് ഫോണില്ല. മറ്റ് ഭാഷകളും അറിയില്ല. കാണാതായെന്ന് അറിഞ്ഞയുടൻ സഹോദരിയും ബന്ധുവും യാത്ര ചെയ്ത വഴികളിലൂടെ തിരിച്ചുപോയി ഓരോ റെയില്‍വേ സ്റ്റേഷനിലും പരാതി നല്‍കിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. സേലം, ഈറോഡ്, ജോളാര്‍പേട്ട റെയില്‍വേ സ്റ്റേഷനുകളിൽ വിവരം അറിയിച്ചിട്ടുണ്ട്. പത്തനംതിട്ട എസ്പിക്കും കുടുംബം പരാതി നല്കി.
