കൊച്ചി ∙ ഡോക്ടർമാർ മുതൽ സെക്യൂരിറ്റി ജീവനക്കാർ വരെയുള്ള ആശുപത്രി ജീവനക്കാരെ ആക്രമിക്കുകയോ വസ്തുവകകൾ നശിപ്പിക്കുകയോ ചെയ്താൽ ഒരു മണിക്കൂറിനുള്ളിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു കുറ്റക്കാരെ പിടികൂടണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതിൽ കോടതി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ജനത്തിനു നിയമത്തെ പേടിയില്ലെങ്കിൽ ഒരു മാറ്റവും ഉണ്ടാവില്ലെന്നും കുറ്റക്കാരെ കർശനമായി നേരിടുക മാത്രമേ പോംവഴിയുള്ളൂ എന്നും കോടതി വ്യക്തമാക്കി.
