തലശ്ശേരി∙ ഫുട്ബോൾ കളിക്കുന്നതിനിടെ വീണു പരുക്കേറ്റ ബാലന്റെ കൈ മുറിച്ചു മാറ്റിയത് ചികിത്സപ്പിഴവെന്ന പിതാവിന്റെ പരാതിയിൽ തലശ്ശേരി പൊലീസ് കേസെടുത്തു. ചേറ്റംകുന്ന് നസ ക്വാർട്ടേഴ്സിൽ അബൂബക്കർ സിദ്ദിഖിന്റെ മകൻ സുൽത്താൻ ബിൻ സിദ്ദിഖിന്റെ (17) കൈ ആണ് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ മുറിച്ചു മാറ്റേണ്ടി വന്നത്. തലശ്ശേരി ജനറൽ ആശുപത്രിയിലെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെയും ഡോക്ടർമാരുടെ അനാസ്ഥയാണു കുട്ടിയുടെ കൈ നഷ്ടപ്പെടാനിയാക്കിയതെന്നു കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകിയതിനു പിന്നാലെയാണ് നടപടി. തലശ്ശേരി ജനറല്‍ ആശുപത്രിയിലെ എല്ലുരോഗ വിദഗ്ധൻ ഡോ. വിജുമോന് എതിരെയാണ് പൊലീസ് കേസ്. ചികിത്സപ്പിഴവെന്ന പരാതിയിലാണ് നിലവിൽ കേസെടുത്തതെന്നും ആരോഗ്യവകുപ്പിൽ നിന്ന് റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
