തിരുവനന്തപുരം ∙ സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടണമെന്ന് കെഎസ്ഇബി. ഉപയോഗം കൂടിയ വൈകിട്ട് 6 മുതല്‍ 10 വരെ നിരക്ക് കൂട്ടണമെന്നാണ് ആവശ്യം. പകല്‍ സമയം നിരക്ക് കുറയ്ക്കാനും ആലോചനയുണ്ട്. നിരക്കുമാറ്റം ആവശ്യപ്പെട്ടു റഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു. ഉപയോക്താക്കള്‍ സ്വയം നിയന്ത്രിച്ചാല്‍ നിരക്കുവര്‍ധന ബാധകമാകില്ലെന്നും മന്ത്രി പറഞ്ഞു. കെഎസ്ഇബിയുടെ തീരുമാനം ഗാർഹിക, വാണിജ്യ ഉപയോക്താക്കളുടെ വൈദ്യുതി ബിൽ ഉയരാൻ ഇടയാക്കും. വൻകിട ഉപയോക്താക്കൾ പുറത്തുനിന്നു നേരിട്ടു വൈദ്യുതി കൊണ്ടുവരികയും അതുവഴി കെഎസ്ഇബിയുടെ പ്രവർത്തനം താളംതെറ്റുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ കൂടിയാണു നിർദേശം. നടപ്പായാൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയുള്ള സമയത്തു സാധാരണ നിരക്കും വൈകിട്ട് 6 മുതൽ രാത്രി 10 വരെയുള്ള പീക് അവേഴ്സിൽ കൂടിയ നിരക്കും രാത്രി 10 മുതൽ പുലർച്ചെ 6 വരെയുള്ള ഓഫ് പീക് അവേഴ്സിൽ നിലവിലുള്ളതിനേക്കാൾ കുറഞ്ഞ നിരക്കുമാവും ഈടാക്കുക.
