നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിനു റവന്യൂ വകുപ്പ് സ്വീകരിച്ച നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 206162 അപേക്ഷകൾ തീർപ്പാക്കിയതായി റവന്യൂ മന്ത്രി കെ. രാജൻ. അപേക്ഷകൾ തീർപ്പാക്കുന്നതിനു സർക്കാർ നടപ്പാക്കിയ മിഷൻ മോഡിലുള്ള പ്രവർത്തനം വരുന്ന ആറു മാസത്തേക്കു കൂടി ദീർഘിപ്പിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആകെ ലഭിച്ച 212169 ഓഫ് ലൈൻ അപേക്ഷകളിൽ 194912 അപേക്ഷകളും തീർപ്പാക്കി. 91.87 ശതമാനം പുരോഗതി ഓഫ് ലൈൻ അപേക്ഷകൾ തീർപ്പാക്കുന്നതിൽ കൈവരിച്ചു. കഴിഞ്ഞ ഫെബ്രുവരി മുതലാണ് ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങിയത്. 163171 അപേക്ഷകൾ ലഭിച്ചതിൽ 11250 എണ്ണം തീർപ്പാക്കാനായി. മുൻഗണനാ ക്രമത്തിലാണ് അപേക്ഷകൾ പരിഗണിക്കുന്നത്. സർക്കാർ ലക്ഷ്യമിട്ട രീതിയിൽ 19 റവന്യൂ ഡിവിഷണൽ ഓഫിസുകളിലെ സാധ്യമായ എല്ലാ ഓഫ് ലൈൻ അപേക്ഷകളും ഇതിനോടകം തീർപ്പാക്കിക്കഴിഞ്ഞു. ശേഷിക്കുന്ന ഏഴ് ആർഡിഒ ഓഫിസുകളിൽ നവംബർ 30നകം എല്ലാ ഓഫ് ലൈൻ അപേക്ഷകളും തീർപ്പാക്കും. നവംബർ 14ലെ കണക്കു പ്രകാരം ഇനി 17257 ഓഫ് ലൈൻ അപേക്ഷകളും 151921 ഓൺലൈൻ അപേക്ഷകളും തീർപ്പാക്കാനുണ്ട്. ഓരോ ദിവസവും ശരാശരി 500 പുതിയ അപേക്ഷകൾ സമർപ്പിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ കഴിഞ്ഞ ആറു മാസമായി തുടർന്നുവന്ന മിഷൻ മോഡിലുള്ള പ്രവർത്തനം ആറു മാസത്തേക്കുകൂടി ദീർഘിപ്പിക്കുന്നതിനു മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിട്ടുണ്ട്. ഇതു പ്രകാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിച്ച 990 ക്ലാർക്കുമാരുടെ സേവനം ഒരു നിശ്ചിത ദിവസത്തെ ഇടവേളയ്ക്കു ശേഷം ആറു മാസത്തേക്കുകൂടി തുടരും. ഇവർക്ക് വാഹന സൗകര്യവും ലഭ്യമാക്കും. ഇത്തരത്തിൽ ആറു മാസംകൊണ്ട് നിലവിലുള്ള അപേക്ഷകൾ പൂർണമായി തീർപ്പാക്കുകയാണു ലക്ഷ്യം.