കൊട്ടാരക്കര: തൃക്കണ്ണമംഗലില്‍ കേരളാ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ആയിരത്തോളം ചാക്ക് അരി വെള്ളത്തില്‍ മുങ്ങി അഴുകി നശിച്ച് ദുര്‍ഗന്ധം പരത്തുന്നതായ സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധവുമായി രംഗത്തെത്തി. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നല്ലതും ചീത്തയായതുമായ അരി ലോറികളില്‍ കടത്താന്‍ ശ്രമിച്ചത് രാവിലെ മഹിളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തടഞ്ഞു. അവര്‍ ലോഡ് കയറ്റിയ ലോറിക്ക് മുന്നില്‍ കയറി ഇരുന്ന് പ്രതിഷേധിച്ചു. കൂടുതല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൂടി എത്തി സമരം ഏറ്റെടുക്കുകയായിരുന്നു. ആയിരത്തോളം ചാക്ക് അരിയാണ് വെള്ളം കയറി നശിച്ചുപോയതെന്നും ബാക്കിയുള്ളവ അവിടെ നിന്ന് മാറ്റുന്ന പ്രക്രിയ മാത്രമേ ഉള്ളൂ എന്നും, പ്രകൃതിക്ഷോഭം മൂലമുണ്ടായ നാശനഷ്ടമാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ പറഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ തൃപ്തരായില്ല.
പിന്നീട് സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്ന കൊടിക്കുന്നില്‍ സുരേഷ് എം.പി ജില്ലാ കളക്ടറുമായി ഫോണില്‍ വിഷയം ധരിപ്പിക്കുകയും എത്രയും വേഗത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിഷയം തീര്‍ക്കാന്‍ കളക്ടര്‍ തഹസീല്‍ദാരെ ചുമതലപ്പെടുത്തുകയും സമരക്കാരും തഹസീല്‍ദാരും താലൂക്ക് സപ്ലൈ ഓഫീസറും കൊട്ടാരക്കര ഇന്‍സ്പെക്ടറും സമരക്കാരോട് സംസാരിച്ചതനുസരിച്ച് ലോഡ് കടത്തി പോകാന്‍ തയ്യാറായ ലോറി ഗോഡൗണില്‍ കയറ്റി ഗോഡൗണ്‍ അടച്ചു. തുടര്‍ നടപടികള്‍ക്കായി സമരപ്രതിനിധികളും ഉദ്യോഗസ്ഥരും തഹസില്‍ദാരുടെ ചേമ്പറില്‍ ചര്‍ച്ച് ചെയ്ത് സമരം അവസാനിപ്പിച്ചു.
നാട്ടില്‍ അരിവില 65ന് മുകളില്‍ കുതിച്ചുകൊണ്ടിരിക്കുമ്പോള് പാവപ്പെട്ടവര്‍ക്ക് ലഭ്യമാക്കേണ്ട അരി വൃത്തിഹീനമായും പുഴുവരിച്ചും നശിപ്പിച്ചിട്ട് ഭക്ഷണത്തിനായി കൊടുക്കുന്നത് പാവപ്പെട്ടവന്റെ സര്ക്കരെന്നവകാശപ്പെടുന്നവരുടെ അജണ്ടയാണോ എന്ന് വ്യക്തമാക്കണം. ഭക്ഷ്യവകുപ്പില്‍ വ്യാപകമായ അഴിമതി ആണ് നടക്കുന്നതെന്നും ഇക്കാര്യം വിജിലന്‍സ് അന്വേഷണത്തിന് വിധേയമാക്കണമെന്നും സ്ഥലത്തെത്തിയ എം.പി ആവശ്യപ്പെട്ടു. ധര്‍ണ്ണയ്ക്കും പിക്കറ്റിംഗിനും ജലജ ശ്രീകുമാര്‍, ആര്.രശ്മി, ശോഭ പ്രശാന്ത്, സൂസമ്മ, ശാലിനി വിക്രമന്, ഡെയ്സി, പവിജ പത്മന്, പി.ഹരികുമാര്‍, കെ.ജി.അലക്സ്, വി.ഫിലിപ്പ്, പൂവറ്റൂര്‍ സുരേന്ദ്രന്, കോശി.കെ.ജോണ്‍, കണ്ണാട്ട് രവി, സുധീര്‍, ജോയല്‍, നഹാസ്, നെല്‍സണ്‍, എബിന്.കെ.ജോയി എന്നിവര്‍ നേതൃത്വം നല്കി.
