പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയിൽ ഒരേ സമയം 20 പ്രവൃത്തികൾ എന്ന നിയന്ത്രണത്തിൽ നിന്ന് പിന്മാറി കേന്ദ്രസർക്കാർ. കേരളത്തിൽ മാത്രം അൻപത് പ്രവൃത്തികൾ അനുവദിക്കുമെന്ന് കേന്ദ്ര ഗ്രാമവികസന വകുപ്പ് സംസ്ഥാന സർക്കാരിനെ അറിയിച്ചു. കേരള സർക്കാർ നിരന്തരമായി ആവശ്യപ്പെട്ടതിന്റെ ഭാഗമായിട്ടാണ് കേന്ദ്രം നിയന്ത്രണത്തിൽ ഇളവ് നൽകുന്നത്. നിയന്ത്രണത്തിനുള്ള തീരുമാനം വന്നയുടൻ അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ശക്തമായ ഇടപെടൽ നടത്തിയിരുന്നു. ചുമതലയേറ്റെടുത്തത് മുതൽ മന്ത്രി എം.ബി. രാജേഷും വിഷയത്തിൽ സജീവമായി ഇടപെട്ടിരുന്നു. കഴിഞ്ഞയാഴ്ചയും കേന്ദ്രമന്ത്രിക്ക് മന്ത്രി എം.ബി. രാജേഷ് വിഷയത്തിൽ കത്തയച്ചിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ വിഷയത്തിൽ ശക്തമായ പ്രക്ഷോഭങ്ങളും അരങ്ങേറി. സംസ്ഥാന സർക്കാർ നടത്തിയ നിരന്തര ഇടപെടലിന്റെ ഭാഗമായിട്ടാണ് കേന്ദ്രസർക്കാരിന് തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോകേണ്ടിവന്നതെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കേരളത്തിൽ നിന്നുള്ള നിരന്തര ആവശ്യത്തിന്റെ ഭാഗമായിട്ടാണ് തീരുമാനം പുനപരിശോധിച്ചതെന്ന് കേന്ദ്രത്തിന്റെ കത്തിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. മുൻ തീരുമാനം തിരുത്തിയെങ്കിലും, ഒരേ സമയം അൻപത് പ്രവർത്തികൾ എന്ന നിബന്ധനയും ഉചിതമല്ല. തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് തന്നെ മാതൃകാപരമായി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. കോവിഡാനന്തര കാലത്ത് പ്രാദേശിക സാമ്പത്തിക വികസനത്തിലുൾപ്പെടെ തൊഴിലുറപ്പ് പദ്ധതിക്ക് നിർണായക പങ്ക് വഹിക്കാനാകും. വൈവിധ്യവും നൂതനുവുമായ ആശയങ്ങൾ പ്രാവർത്തികമാക്കി സർക്കാർ പദ്ധതി മുന്നോട്ടുകൊണ്ടുപോവുകയാണെന്നും മന്ത്രി അറിയിച്ചു.
