കര്‍ഷകരുടെ താല്പര്യങ്ങള് സംരക്ഷിച്ച് മാത്രമെ കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതങ്ങള്‍ എന്നിവയുടെ ഉല്പാദനം, സംഭരണം, വിതരണം, വിപണനം നിയന്ത്രിക്കുന്നതിനുളള നിയമ നിര്‍മ്മാണം നടത്തുകയുളളൂവെന്ന് മൃഗ സംരക്ഷണ -ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ജില്ലാ ആസുത്രണ ഭവനില്‍ നാലു ജില്ലകളിലെ കര്‍ഷക പ്രതിനിധികളെ പങ്കെടുപ്പിച്ച് നടന്ന നിയമസഭ സമിതി തെളിവെടുപ്പില്‍ സംസാരിക്കുകയായിരുന്നു അവര്‍. സുരക്ഷിതവും ഗുണമേന്മയുളളതുമായ തീറ്റ ലഭ്യത ഉറപ്പാക്കുന്നതിനും തീറ്റകളിലെ മായം കലര്‍ത്തലും മിസ്ബ്രാന്റിംഗും തടയുകയുമാണ് നിയമ നിര്‍മ്മാണത്തിന്റെ ലക്ഷ്യം. കര്‍ഷരുടെയും മേഖലയുമായി ബന്ധപ്പെടുന്നവരുടെയും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും നിയമ രൂപീകരണത്തിനായി പരിഗണിക്കും. കൂടാതെ സമിതി അംഗങ്ങള്‍ നിലവില്‍ നിയമം നടപ്പാക്കിയ പഞ്ചാബ്, ഗുജറാത്ത്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് പഠനം നടത്തിയതിന് ശേഷമാണ് ബില്ലിന് അന്തിമ രൂപം നല്‍കുകയെന്നും മന്ത്രി പറഞ്ഞു.
