1922 ൽ സ്ഥാപിതമായ പനവേലി ബഥേൽ മാർത്തോമ്മാ ഇടവക ഒരു പുതിയ നൂറ്റാണ്ടിലേക്ക് പ്രവേശിക്കുകയാണ്. പനവേലിയിലെ മാർത്തോമ്മാ വിശ്വാസികൾ വാളകം പള്ളിയിലാണ് ആരാധിച്ചുപോന്നത്. യാത്ര ക്ലേശ മായിരുന്നതിനാൽ ചിതറിപ്പാർത്തവരുടെ വിശ്യാസവും ആരാധനാ തല്പരതയും സാക്ഷ്യ ജീവിതവും കൂട്ടായ്മയും ആരാധനാലയത്തിന്റെ രൂപീകരണത്തിന് കാരണമായി. 1922 ൽ അഭിവന്ദ്യ തീത്തൂസ് ദ്വിതീയൻ തിരുമനസുകൊണ്ട് കുരിശ് വച്ച് കുർബാന ചൊല്ലി കൂദാശ ചെയ്ത് പനവേലി ദേശത്ത് ഒരു ദൈവാലയം ആരംഭിച്ചു. നാല് പ്രാർത്ഥനാ ഗ്രൂപ്പുകളിലായി 84 ഭവനങ്ങളു മായി ആരംഭിച്ച ഇടവക ഇന്ന് 600 ൽ പരം കുടുംബങ്ങളും 2100 ൽ പര വിശ്വാസികളു മായി വളർന്നുകൊണ്ടിരിക്കുന്നു. വിശുദ്ധിയുടെ മനോഹാരിതയിൽ ദൈവത്തെ ആരാധിക്കുന്നതിനും സ്നേഹത്തിന്റെയും കരുതലിന്റെയും മുഖങ്ങളിലൂടെ ദേശത്തെ ധന്യതയിലേക്ക് നയിക്കുന്നതിനും സമൂഹത്തോടുള്ള സാക്ഷ്യം നിർവ്വഹിക്കുന്നതിനും സാധിച്ചു. ദേശത്തിന്റെ സാമൂഹിക സാംസ്ക്കാരിക വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനയാണ് ഈ ഇടവകയിലൂടെ നൽകിവരുന്നത്. ജാതി ഭേദമെന്യേ എല്ലാവരും ഈ പള്ളിയെ സ്നേഹിക്കുകയും സന്ദർശിക്കുകയും ചെയ്ത വരുന്നു. ഇടവക ശതാബ്ദിയുടെ ഉത്ഘാടനം 2021 ഒക്ടോബർ 24-ാം തീയതി ഞായറാഴ്ച നടത്തപ്പെട്ടു. ഭദ്രാസന അദ്ധ്യക്ഷൻ റൈറ്റ് റവ. ഡോ. യുയാക്കിം മാർ കൂറിലോസ് സെഫഗൻ മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ കേരള ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. നിരവധി ശതാബ്ദി പ്രോജക്റ്റുകൾക്ക് തുടക്കം കുറിച്ചു. ഭവന നിർമ്മാണം, ചികിത്സാ സഹായ നിധി, ബഞ്ച് നിർമ്മാണം, ഇടവക മെയിന്റെനൻസ്, സെമിട്രി ഡെവലപ്മെന്റ് & ലാൻഡ് സ്കേപ്പിംഗ്, ശതാബ്ദി സ്മാരക കവാടം, ശതാബ്ദി സുവനീർ എന്നിവ വിജയകരമായി നടത്തുവാൻ സാധിച്ചു.
ശതാബ്ദി സമാപന സമ്മേളനം നാളെ വൈകുന്നേരം 3 മണിക്ക് മാർത്തോമ്മാ സഭാ പരമാദ്ധ്യക്ഷൻ മോസ്റ്റ് റവ. ഡോ. തിയ ഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ കേരള ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. ഭദ്രാസന അദ്ധ്യക്ഷൻ റൈറ്റ് റവ. ഡോ. ജോസഫ് മാർ ബർന്നബാസ് സെഫഗൻ മെത്രാപ്പോലീത്ത, റൈറ്റ് റവ. ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത എന്നിവർ അനുഗ്രഹ പ്രഭാഷണവും പി. സി. വിഷ്ണുനാഥ് എം. എൽ. എ. ശതാബ്ദി സുവനീർ പാകാശനവും, വെരി. റവ. കെ. വൈ. ജേക്കബ്, റവ. സി. വി. സൈമൺ, റവ. വർഗ്ഗീസ് എം. തോമസ്, മേജർ ജി. മാത്യു, റവ. എം. ശാമുവേൽ, ശ്രീമതി സാലി തോമസ് വാർഡ് മെമ്പർ, റവ. കെ. ജെ. ഫിലിപ്പ്, കെ. ഐ. തോമസ്, കെ. ജി. തോമസ്, മാത്യു ഫിലിപ്പ്, ബിജി ഏബ്രഹാം, പിൻസ് ഫിലിപ്പ് എന്നിവർ ആശംസകളും അറിയിക്കുന്നതാണ്. ശതാബ്ദി പ്രോജക്റ്റുകൾ സമയബന്ധിതമായി പൂർത്തീകരിച്ച കൺവീനർമാരെയും 80 വയസ് പൂർത്തീകരിച്ച ഇടവകാംഗങ്ങളെയും പൊന്നാട അണിയിച്ച് ആദരിക്കുന്നതാണ്.