വിദ്യാര്‍ത്ഥികളില്‍ ലഹരിക്കെതിരായ സന്ദേശവുമായി കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി മുക്ത കേരളം ക്യാമ്പെയിനിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മലബാർ ക്രിസ്ത്യൻ കോളേജിൽ ബോധവൽക്കരണ ക്ലാസും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. പരിപാടി വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ക്രിസ്ത്യൻ കോളേജിലെ വാല്യു എജുക്കേഷൻ ഫോറത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
‘ജീവിതത്തിലെ ആരോഗ്യപരമായ പുതുലഹരികൾ കണ്ടെത്തൂ, നല്ല നാളേക്കായി ഇന്ന് തന്നെ മാറാം’ എന്ന മുദ്രാവാക്യവുമായി നടത്തിയ പരിപാടിയിൽ റിട്ട. എക്സൈസ് ഉദ്യോഗസ്ഥന് എ.സി കരുണാകരന് ക്ലാസെടുത്തു. ലഹരി വസ്തുക്കളുണ്ടാക്കുന്ന ചതിക്കുഴികളെക്കുറിച്ചും അവയുണ്ടാക്കുന്ന ശാരീരിക- മാനസിക-സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം ക്ലാസ്സെടുത്തു. മയക്കുമരുന്നിന്റെ ഉത്ഭവത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ലഹരിയുമായി ബന്ധപ്പെട്ട് കുട്ടികള്‍ അവരുടെ അറിവുകളും ധാരണകളും പങ്കുവെച്ചു.
വെള്ളിമാട്കുന്ന് സർക്കാർ ലോ കോളേജിലെ ക്ലിജോ സൗജന്യ നിയമസഹായ വേദി അവതരിപ്പിച്ച ഫ്ലാഷ് മോബിന് പുറമെ ലഹരി കുടുംബങ്ങളിലുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള നാടകവും പരിപാടിയുടെ ഭാഗമായി നടന്നു.
ലഹരിക്കെതിരായ ജാഗ്രത, കരുതല്‍, സുരക്ഷാ മാര്‍ഗങ്ങള്‍ തുടങ്ങി വിവിധ കാര്യങ്ങൾ പ്രചരണത്തിന്റെ ഭാഗമായി അവതരിപ്പിച്ചു.
ലഹരി അവബോധ മൊബൈല്‍ എക്സിബിഷന് വാഹനവും ഇതിന്റെ ഭാഗമായി കോളേജിൽ എത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുന്ന വിവരണങ്ങളും ലഹരി അവബോധ വീഡിയോ പ്രദര്‍ശനവും വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. വാഹനത്തില്‍ ഒരുക്കിയ എക്സിബിഷന് കണ്ടിറങ്ങിയ വിദ്യാര്‍ത്ഥികള്‍ അവരവരുടെ ആരോഗ്യപരമായ ലഹരികളെ കണ്ടെത്താന്‍ ശ്രമിക്കുമെന്നും ലഹരി വിരുദ്ധ സമൂഹത്തിനായി പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു.