ധാക്ക : ബംഗ്ലാദേശിന്റെ ചില ഭാഗങ്ങളിൽ സിത്രംഗ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചതോടെ വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മതിലുകളും മരങ്ങളും തകർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ ഏഴ് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി. അപകടത്തെ തുടർന്ന് ഫയർ സർവീസ്, സിവിൽ ഡിഫൻസ് എന്നിവ രക്ഷാപ്രവർത്തനം നടത്തി വരികയാണ്. ധാക്ക, കുമില്ലാ ദൗലത്ഖാനിലെ നാഗൽകോട്ട്, ഭോലയിലെ ചാർഫെസൺ, നാരയിലിലെ ലോഹഗര എന്നിവിടങ്ങളിൽ കനത്ത മഴയും കൊടുങ്കാറ്റും ഉണ്ടായതായാണ് റിപ്പോർട്ട്.
സിത്രാംഗ് ചുഴലിക്കാറ്റിനെ തുടർന്ന് ബംഗ്ലാദേശിലെ കോക്സ് ബസാർ തീരത്ത് നിന്ന് ആയിരക്കണക്കിന് ആളുകളെയും കന്നുകാലികളെയും ഒഴിപ്പിക്കുകയും ഷെൽട്ടറുകളിലേക്ക് മാറ്റുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച വൈകുന്നേരം 6 മണി വരെ കോക്സ് ബസാർ തീരത്ത് നിന്ന് 28,155 ആളുകളെയും 2,736 കന്നുകാലികളെയും ഒഴിപ്പിച്ച് ഷെൽട്ടറുകളിലേക്ക് മാറ്റി.