രാജ്യത്തിനു പുറത്തും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലുമുള്ള വിദ്യാർഥികൾ ഉന്നത പഠനത്തിനായി കേരളത്തിലേക്ക് എത്തുംവിധം ഉന്നത വിദ്യാഭ്യാസ മേഖലയെ മികവിലേക്ക് ഉയർത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയിൽപ്പെടുത്തി കേരള സർവകലാശാലയിൽ നിർമിക്കുന്ന കെട്ടിടങ്ങളുടെ നിർമാണോദ്ഘാടനവും തിയേറ്റർ ഹാളുകളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാന വിദ്യാഭ്യാസം ലഭ്യമാക്കുന്നതിൽ കേരളം മറ്റേതൊരു ഇന്ത്യൻ സംസ്ഥാനത്തേക്കാളും മുന്നിലാണ്. സ്കൂളുകൾ ലോകോത്തര നിലവാരത്തിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. ഇതിന് ആനുപാതികമായ നേട്ടം ഉന്നതവിദ്യാഭ്യാസ മേഖലയിലും കൈവരിക്കണം. സംസ്ഥാനത്തെ എൻറോൾമെന്റ് റേഷ്യോ 38 ശതമാനത്തിനടുത്താണ്. ദേശീയ ശരാശരി 27 ശതമാനമാണ്. ദേശീയ ശരാശരിയേക്കാൾ മെച്ചമാണു കേരളമെങ്കിലും നമ്മുടെ പ്രാഥമിക വിദ്യാഭ്യാസ രംഗവുമായി തട്ടിച്ചുനോക്കുമ്പോൾ ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രവേശനാനുപാതം താരതമ്യേന ചെറുതാണ്. എൻറോൾമെന്റ് റേഷ്യോ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഏറ്റെടുത്ത് ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ ഇടപെടൽ നടത്താനാണു സർക്കാർ തീരുമാനിച്ചിട്ടുള്ളത്.
കേരള സർവകലാശാല രാജ്യത്തെ ഏറ്റവും ഉയർന്ന ഗ്രേഡ് പോയിന്റോടെ നാക് അക്രഡിറ്റേഷനിൽ എ++ നേടിയത് അഭിമാനാർഹമാണ്. സംസ്കൃത സർവകലാശാലയും കാലിക്കറ്റ് സർവകലാശാലയും എ+ ഗ്രേഡിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. എൻഐആർഎഫ് റാങ്കിങ്ങിൽ രാജ്യത്തെ ഒന്നാംനിര സർവകലാശാലകളിൽ കേരളത്തിൽനിന്നുള്ള നാലെണ്ണം സ്ഥാനംപിടിച്ചിട്ടുണ്ട്. ഇതൊക്കെ വലിയ മാറ്റമാണ്. എന്നാൽ ഈ മാറ്റങ്ങളിലും നേട്ടങ്ങളിലും സന്തോഷിച്ച് വിശ്രമിക്കുകയല്ല സർക്കാരിന്റെ നയം. കൂടുതൽ മെച്ചപ്പെട്ട നിലയിലേക്ക് ഉന്നതവിദ്യാഭ്യാസ രംഗത്തെ ഉയർത്താനുള്ള ഇടപെടലുണ്ടാകണം. അടിസ്ഥാന സൗകര്യം, സിലബസ്, ബോധനസമ്പ്രദായം, അധ്യാപനം തുടങ്ങി എല്ലാ മേഖലകളിലും സമഗ്ര ഇടപെടലാണ് നടത്തുന്നത്.
വിദേശ സന്ദർശനത്തിനിടെ ലണ്ടനിലെത്തിയപ്പോൾ ധാരാളം മലയാളി വിദ്യാർഥികളെ അവിടെ കാണാൻ കഴിഞ്ഞു. മുമ്പുണ്ടായിരുന്നതിനേക്കാൾ ഏറെ വിദ്യാർഥികളാണ് ഇപ്പോൾ അവിടെയുള്ളത്. ആവശ്യമായ കോഴ്സുകൾ ഇവിടെ ലഭ്യമാകുന്നില്ലെന്നതുകൂടിയാണ് ഇതിനു കാരണം. ഈ സ്ഥിതി മാറണം. കൂടുതൽ കോഴ്സുകൾ ഇവിടേയ്ക്കു കൊണ്ടുവരണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം രാജ്യാന്തര നിലവാരത്തിലേക്ക് വലിയ തോതിൽ ഉയരണം. നവകേരള നിർമിതിയിൽ മാനവികതയിലൂന്നിയതും സാമൂഹിക നീതി ഉറപ്പുവരുത്തുന്നതുമായ പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ ഏറ്റെടുത്തു മുന്നോട്ടുപോകണം.