തെന്മല: കുറവൻതാവളം എസ്റ്റേറ്റ് ലയത്തിലെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെ തെന്മല പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഒറ്റശേഖരമംഗലം മുളമൂട്ടുവിളാകം പുത്തൻവീട്ടിൽ നിതിൻ (നന്ദു) നെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെയാണ് കേസിനാസ്പദമായ സംഭവം. എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന ഷിബിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഷിബിൻ കുടുംബമായി രാവിലെ എസ്റ്റേറ്റിൽ റബ്ബർ ടാപ്പിങിനായി ലയം പൂട്ടി പോയസമയം തൊട്ടടുത്ത ലയത്തിൽ ക്ഷേത്ര പൂജാരിയോടൊപ്പം പൂജ പഠിക്കുവാൻ എന്ന വ്യാജേന താമസിച്ചു വന്നിരുന്ന പ്രതി ലയത്തിന്റെ പിൻവശത്തെ ഡോർ തുറന്നു അകത്തു കയറുകയും വീട്ടിൽ സൂക്ഷിച്ചിരുന്ന ആറ് പവനോളം വരുന്ന സ്വർണ ഉരുപ്പടികൾ മോഷ്ടിക്കുകയും ചെയ്തു. പ്രതി നിരവധി തവണ ജയിൽ വാസം അനുഭവിച്ചിട്ടുള്ളയാളാണ്. കൂടാതെ കാട്ടാക്കട, വെള്ളറട, ആര്യൻകോട്, കർണാടക എന്നിവിടങ്ങളിലെ മോഷണ കേസുകളിലെയും NDPS കേസുകളിലെയും പ്രതിയും, നിരവധി മോഷണ കേസുകളിൽ പിടികിട്ടാപ്പുള്ളിയായി നടന്നിരുന്ന ആളുമാണ്. തെന്മല എസ്.ഐ സുബിൻ തങ്കച്ചൻ, എ.എസ്.ഐ പ്രതാപൻ, എ,എസ്.ഐ സന്തോഷ് കുമാർ, സി.പി.ഒ അനീഷ്, സി.പി.ഒ അഭിലാഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
