കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ലക്ഷ്യത്തോടെ സർക്കാർ ആരംഭിക്കുന്ന ‘നോ ടു ഡ്രഗ്സ്’ ലഹരി വിരുദ്ധ ക്യാംപെയിനിൽ മുഴുവൻ ജനങ്ങളും അണിനിരക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനംചെയ്തു. ‘നോ ടു ഡ്രഗ്സ്’ ക്യാംപെയിനിന്റെ സംസ്ഥാന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ഓൺലൈനായാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.
കേരളത്തിന്റെ മുഖ്യമന്ത്രിയെന്നതിനെക്കാൾ കുഞ്ഞുങ്ങളോട് അവരുടെ ഒരു മുത്തച്ഛൻ എന്ന നിലയിലും അവരുടെ രക്ഷകർത്താക്കളോട് മുതിർന്ന ഒരു സഹോദരനെന്ന നിലയിലുമാണു സംസാരിക്കുന്നതെന്ന ആമുഖത്തോടെയാണു മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. സ്നേഹനിർഭരവും ആരോഗ്യമുള്ളതുമായ തലമുറയെ കാണണമെന്ന മുതിർന്നവരുടെ ആഗ്രഹത്തെ തകർത്തുകളയുന്ന വിപത്താണു മയക്കുമരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ നിന്നു കുഞ്ഞുങ്ങളെ രക്ഷിക്കാനാകുന്നില്ലെങ്കിൽ വരും തലമുറകളാകെ എന്നേക്കുമായി തകരും. സർവനാശം ഒഴിവാക്കാൻ ഒരു നിമിഷം പോലും വൈകാതെ ജാഗ്രതയോടെ ഇടപെടണം.
മയക്കുമരുന്ന് വ്യക്തിയേയും കുടുംബത്തേയും കുടുംബ, സാമൂഹ്യ ബന്ധങ്ങളേയും അതുവഴി നാടിനെയും തകർക്കുന്നു. അതു മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നു. മനുഷ്യനു സങ്കൽപ്പിക്കാൻപോലും കഴിയാത്ത ഹീനമായ കുറ്റകൃത്യങ്ങൾ ഇതിന്റെ ഫലമായി സമൂഹത്തിൽ നടക്കുന്നു. ബോധാവസ്ഥയിൽ ഒരാളും ചെയ്യാത്ത അതിക്രൂര അധമകൃത്യങ്ങൾ മയക്കുമരുന്നുണ്ടാക്കുന്ന മനോവിഭ്രാന്തിയിൽ അവർ ചെയ്യുന്നു. സ്വയം ഭാരമാവുന്ന, കുടുംബത്തിനും സമൂഹത്തിനും ഭാരമാവുന്ന, എല്ലാവരാലും വെറുക്കപ്പെടുന്ന, സ്വയം നശീകരിക്കാൻ വ്യഗ്രതകാട്ടുന്ന മനോവിഭ്രാന്തിയുടെ അവസ്ഥയിലേക്കാണു മയക്കുമരുന്നു നയിക്കുന്നത്. നാശം വിതയ്ക്കുന്ന ഈ മഹാവിപത്തിന് ഒരാളെപ്പോലും ഇനി വിട്ടുകൊടുക്കാനാവില്ല. പെട്ടുപോയവരെ എന്തു വിലകൊടുത്തും ഏതുവിധേനയും മോചിപ്പിച്ചെടുക്കുകയും വേണം. നാടിനെ, സമൂഹത്തെ രക്ഷിക്കാൻ ഇതല്ലാതെ വേറെ മാർഗ്ഗമില്ല. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ‘നോ റ്റു ഡ്രഗ്സ്’ എന്ന അതിവിപുലമായ ജനകീയ ക്യാമ്പയിൻ സർക്കാർ ആരംഭിക്കുന്നത്.