ലഹരിക്കെതിരായ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനൊപ്പം മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ അടിച്ചമർത്താൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സിന്തറ്റിക് രാസലഹരി വസ്തുക്കൾ തടയുന്നതു മുൻനിർത്തി അന്വേഷണ രീതിയിലും കേസുകൾ ചാർജ്ജ് ചെയ്യുന്ന രീതിയിലും മാറ്റങ്ങൾ വരുത്തും. എൻ.ഡി.പി.എസ് നിയമത്തിലെ 31, 31-എ വിഭാഗത്തിലുള്ളവർക്ക് ഉയർന്ന ശിക്ഷ ഉറപ്പുവരുത്താൻ മുൻകാല കുറ്റകൃത്യങ്ങൾ കൂടി കുറ്റപത്രത്തിൽ ഉൾപ്പെടുത്തുക, കാപ്പ രജിസ്റ്റർ മാതൃകയിൽ ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാബാങ്ക് തയാറാക്കുക, ആവർത്തിച്ച് കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കെതിരെ കരുതൽ തടങ്കൽ നടപടികൾ സ്വീകരിക്കുക തുടങ്ങിയവ നടപ്പാക്കും. കുറ്റകൃത്യം ആവർത്തിക്കില്ല എന്ന ബോണ്ട് വയ്പ്പിക്കും. മയക്കുമരുന്ന് കടത്തിൽ പതിവായി ഉൾപ്പെടുന്നവരെ കരുതൽ തടങ്കലിൽ പാർപ്പിക്കും.
ട്രെയിനുകൾ വഴിയുള്ള മയക്കമരുന്നു കടത്തു തടയാൻ സ്നിഫർ ഡോഗ് സ്ക്വാഡിനെ ഉപയോഗിക്കും. മയക്കുമരുന്ന് കടന്നുവരാനിടയുള്ള എല്ലാ അതിർത്തികളിലും പരിശോധന കർക്കശമാക്കും. വിദ്യാഭ്യാസ സ്ഥാപന പരിസരത്തുള്ള കടകളിൽ ലഹരി വസ്തു ഇടപാടു കണ്ടാൽ കട അടപ്പിക്കും. പിന്നീട് തുറക്കാൻ അനുവദിക്കില്ല. സ്കൂളുകളിൽ പ്രവേശിച്ചുള്ള കച്ചവടം പൂർണമായും തടയും. പാർലമെന്റ് പാസാക്കിയ പി.ഐ.ടി.എൻ.ഡി.പി.എസ്. ആക്ട് പ്രകാരം സ്ഥിരം കുറ്റവാളികളെ രണ്ട് വർഷം വരെ വിചാരണ കൂടാതെ കരുതൽ തടങ്കലിൽ പാർപ്പിക്കാനാകും. ഇതു പ്രകാരമുള്ള ശുപാർശ സമർപ്പിക്കാൻ പൊലീസിനും എക്സൈസിനും നിർദേശം നൽകിയിട്ടുണ്ട്. മയക്കുമരുന്ന് കേസുകളിൽ ഒന്നിലധികം തവണ ഉൾപ്പെടുന്നവരുടെ വിവരശേഖരണം നടത്തി ഒരു ഹിസ്റ്ററി ഷീറ്റ് തയ്യാറാക്കി പൊലീസ് സ്റ്റേഷനുകളിലും എക്സൈസ് റെയ്ഞ്ച് ഓഫീസുകളിലും സൂക്ഷിക്കുകയും അവരെ നിരന്തരം നിരീക്ഷിക്കുകയും ചെയ്യും.