പുനലൂർ : ഹർത്താൽ ദിനത്തിൽ പുനലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മാവിള എന്ന സ്ഥലത്തുവച്ച് വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിന് കല്ലെറിഞ്ഞ് നഷ്ടമുണ്ടാക്കുകയും ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലെയും പുനലൂരിലും തെന്മലയിലും കുന്നിക്കോടും ലോറിക്ക് നേരെ കല്ലേറ് നടത്തിയതിലെയും പ്രതിയും സൂത്രധാരനുമായ പി.എഫ്.ഐ പ്രവർത്തകൻ പുനലൂർ പോലീസിന്റെ പിടിയിലായി. കാര്യറ ആലുവിള വീട്ടിൽ അബ്ദുൽ ബാസിത് എന്ന ബാസിത് ആൽവി (25) ആണ് അറസ്റ്റിലായത്. ഹർത്താൽ ദിവസം ഉച്ചക്ക് പുനലൂരും തെന്മലയിലും കുന്നിക്കോടും കല്ലേറ് നടത്തിയ ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.ബി രവി ഐ.പി.എസ് പുനലൂർ ഡി.വൈ.എസ്.പി വിനോദിന്റെ നേതൃത്വത്തിൽ പ്രത്യേക കേസന്വേഷണ സംഘത്തെ നിയോഗിക്കുകയും, പുനലൂർ പോലീസ് ഇൻസ്പെക്ടർ രാജേഷ് കുമാർ, എസ്.ഐ ഹരീഷ്, ജീസ് മാത്യു, സി പി ഒ മാരായ അജീഷ്, സിയാദ്, ദീപക്ക് എന്നിവർ ചേർന്ന് സംഘമാണ് പ്രതിയെ കണ്ടെത്തിയത്. കിഴക്കൻ മേഖലയിലെ എൺപതോളം വരുന്ന സിസിടിവി ക്യാമറകൾ ശേഖരിച്ച് ക്രോഡീകരിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കല്ലേറിൽ കെ.എസ്.ആർ.ടി.സി ക്ക് 3 ലക്ഷം രൂപയുടെയും ലോറികൾക്ക് 1.5 ലക്ഷത്തിന്റെയും നഷ്ടം ഉണ്ടായി. അറസ്റ്റിലായ പ്രതിക്ക് പി.എഫ്.ഐ ജില്ലാ നേതൃത്വവുമായി വളരെ അടുത്ത ബന്ധമുള്ളതായി പൊലീസ് അറിയിച്ചു. തുടർന്ന് അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
