കൊല്ലത്ത് ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി നൽകി കശുവണ്ടി വ്യവസായികളിൽ നിന്നും പത്തെകാൽ കോടി രൂപ തട്ടിയ കേസിലെ പ്രതിയെ ക്രൈം ബ്രാഞ്ച് പിടികൂടി. കൊട്ടാരക്കര കുളക്കട സ്വദേശി പ്രതീഷ് കുമാർ പിള്ള യാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. സമാന രീതിയിൽ നാല് കേസുകളാണ് ഇയാളുടെ പേരിലുള്ളത്. 2016-17 കാലയളവിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ആനയടി തങ്കം ക്യാഷു ഫാക്ടറി, കൊല്ലം ശ്രീലക്ഷ്മി ക്യാഷു ഫാക്ടറി, പുനലൂർ കുമാർ ക്യാഷുഎക്സ്പോർട്ടസ്സ്, ഗ്ലോറി ക്യാഷുസ് എന്നി കശുവണ്ടി വ്യവസായ സ്ഥാപനങ്ങളിൽ നിന്നാണ് പണം തട്ടിയത്.
പരിചയമുള്ള ഇടനിലക്കാരനൊപ്പം വ്യവസായികളെ സമീപിച്ച് നിലവാരമുള്ള തോട്ടണ്ടി ഡാൻസാനിയിൽ നിന്നും ഇറക്കി നൽകാമെന്നാണ് ഇയാൾ പറഞ്ഞിരുന്നത് എന്ന് പണം നഷ്ടപ്പെട്ടവർ പറയുന്നു. മാർക്കറ്റ് വിലയേക്കാൾ 25 ഡോളർവരെ കുറഞ്ഞ വിലയ്ക്ക് മികച്ച തോട്ടണ്ടി നൽകാമെന്ന് ആയിരുന്നു വാഗ്ദാനം. പലസ്ഥലങ്ങളിലും സമാനമായ തട്ടിപ്പ് നടത്തിയതായി പറയപ്പെടുന്നു. പണം തട്ടിയശേഷം കേരളത്തിന്റെ പുറത്ത് വിവിധ സംസ്ഥാനങ്ങളിലായി ഒളിവിൽ ആയിരുന്നു പ്രതി. കൊല്ലത്ത് എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് ക്രൈംബ്രാഞ്ച് ഇദ്ദേഹത്തെ പിടികൂടുകയായിരുന്നു.
സി ഐ ഉമറൂൺ ഫാറൂഖിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ അനിൽകുമാർ, അമൽ, വേണു, ജോസ്, ഫിറോസ്, വിവേക് സിപിഒ ഹരീഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
