നിര്‍ദിഷ്ട ഗ്രാഫീന് വ്യവസായ പാര്‍ക്ക് കേരളത്തിന്റെ വ്യവസായിക മുന്നേറ്റത്തിനു കൂടുതല്‍ ശക്തിപകരുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കേരളത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതില്‍ അത്ഭുത ഉല്പന്നമായ ഗ്രാഫീനിന്റെ സാധ്യതകളെക്കുറിച്ചുള്ള ബോധവത്ക്കരണ ശില്പശാലയും നിക്ഷേപകസംഗമവും കൊച്ചി ക്രൗണ്‍ പ്ലാസയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന്റെ വ്യവസായ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനു മുതല്‍ക്കൂട്ടാകും ഗ്രാഫീന്. ഗ്രാഫീന് നിക്ഷേപക സംഗമം സുപ്രധാന നാഴികക്കല്ലാണ്. ഗ്രാഫീന് അധിഷ്ഠിത വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കരട് നയം ചര്‍ച്ച ചെയ്യുന്നതിനും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി കേരളം ഇതുവരെ ഏറ്റെടുത്തിട്ടുള്ള വിവിധ സംരംഭങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള വേദിയാണ് കെഎസ്ഐഡിസിയും കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയും സംയുക്തമായി നടത്തിയ ബോധവത്കരണ ശില്പശാലയെന്നും മന്ത്രി പറഞ്ഞു. ഭാവിയില്‍ ഗ്രാഫീന് രംഗത്തെ മുന്നേറ്റത്തിനു ശക്തമായ ഗ്രാഫീന് ആവാസവ്യവസ്ഥ സൃഷ്ടിക്കും. ഉല്‍പ്പാദനം മുതല്‍ മാര്‍ക്കറ്റ് ഇടപെടലുകള്‍ വരെയുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കും. ഗ്രാഫീന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് കേരളത്തിന്റെ ലക്ഷ്യം. പ്രകൃതിദത്തമായി ധാരാളം കണ്ടുവരുന്നവയാണ് ഗ്രാഫീന്. അതിനാല്‍ പ്രകൃതിക്ക് യാതൊരു ദൂഷ്യവുമുണ്ടാകില്ല. പെന്‍സിലില്‍ വരെ ഗ്രാഫൈറ്റ് ഉപയോഗിക്കപ്പെടുന്നു. ഗ്രാഫീന് വേര്‍തിരിച്ചെടുക്കാനും എളുപ്പമാമെന്നും മന്ത്രി പറഞ്ഞു. വ്യവസായങ്ങളുടെ വികസനത്തിനും ഉത്തരവാദിത്ത വ്യവസായവല്‍ക്കരണത്തിനും ഗ്രാഫീനും അനുബന്ധ സാമഗ്രികളും കേരളത്തിനു മുന്നില്‍ അനന്തസാധ്യതകള്‍ തുറന്നിടുന്നു. ഗ്രാഫീന് ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും കനം കുറഞ്ഞതും ശക്തവുമായ വസ്തുക്കളില്‍ ഒന്നാണ്. മാത്രമല്ല നിരവധി ഉല്പ്പന്നങ്ങളിലേക്കു ചേര്‍ക്കാനും കഴിയും. സംസ്ഥാനത്തിന്റെ കാര്‍ബണ്‍രഹിത ലക്ഷ്യങ്ങള്‍ സുസ്ഥിരമായി കൈവരിക്കുന്നതില്‍ ഗ്രാഫീനിന് നിര്‍ണായകമായ പങ്കുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സംരംഭകത്വത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി സംസ്ഥാനം വിഭാവനം ചെയ്ത ഒരു ലക്ഷം സംരംഭം പദ്ധതിയില്‍ ആറുമാസത്തിനകം 60,000 രജിസ്ട്രേഷന് നടന്നുകഴിഞ്ഞു. ശരാശരി ഒരു മാസം 10,000 സംരംഭങ്ങള്‍ക്കാണു തുടക്കമിടുന്നതെന്നും മന്ത്രി പറഞ്ഞു.
