കൊട്ടാരക്കര: ഗ്രാമീണ മേഖലയിലെ ബിരുദധാരികൾക്കും, ഉദ്യോഗാർത്ഥികൾക്കും, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കോഴ്സുകൾക്കും, നൈപുണ്യ പരിശീലന പദ്ധതികൾക്കും, മുൻഗണന നൽകുമെന്ന് ധനവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടു.
കൊട്ടാരക്കര കുളക്കട സ്കിൽ പാർക്കിൽ അസാപ്പ് കേരളയുടെ നേതൃത്വത്തിൽ തുടങ്ങുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്കിൽ പാർക്കുകൾ തൊഴിൽ നൈപുണ്യ പരീശീലന കേന്ദ്രങ്ങൾ എന്നതിനൊപ്പം തൊഴിലിടങ്ങളുമായി മാറേണ്ടതുണ്ട്. ‘വർക്ക് നിയർ ഹോം’ പദ്ധതി സ്കിൽ പാർക്കുകളിലെ സൗകര്യങ്ങളും, സാങ്കേതിക സംവിധാനങ്ങളും ഉപയോഗിച്ച് കാര്യക്ഷമമായും, മാതൃകാപരമായും, നടത്തുവാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

കോമേഴ്സ് ബിരുദധാരികൾക്കായി അസാപ്പ് കേരള ഹയർ ആന്റ് ട്രെയിൻ മാതൃകയിൽ ആരംഭിക്കുന്ന ആദ്യ യു എസ് ടാക്സേഷൻ കോഴ്സ് കുളക്കട സ്കിൽ പാർക്കിൽ ആരംഭിക്കുകയാണ്. ആദ്യ ബാച്ചുകളിലെ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകാനുള്ള സാധ്യതകളും പരിഗണനയിലുണ്ടന്നും മന്ത്രി അറിയിച്ചു