തെരുവ് നായ വിഷയത്തിൽ സെപ്റ്റംബർ 20 മുതലാണ് തീവ്ര വാക്സിനേഷൻ ഡ്രൈവ് ഔദ്യോഗികമായി തീരുമാനിച്ചതെങ്കിലും, സംസ്ഥാനത്തെ ബഹുഭൂരിപക്ഷം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും അതിനേക്കാൾ മുൻപ് തന്നെ വാക്സിനേഷൻ യജ്ഞം ആരംഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇതിനകം തന്നെ നിരവധി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വാക്സിനേഷൻ ഡ്രൈവുകൾ ആരംഭിച്ചുകഴിഞ്ഞു. കൊല്ലം കോർപറേഷൻ സെപ്റ്റംബർ 16നും തിരുവനന്തപുരം കോർപറേഷൻ സെപ്റ്റംബർ 18നും തെരുവ് നായകൾക്ക് വാക്സിൻ വിതരണം ചെയ്യാനുള്ള തീവ്രയജ്ഞം ആരംഭിക്കും. കൊല്ലത്ത് വെള്ളിയാഴ്ച നടക്കുന്ന പരിപാടിയിൽ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പങ്കെടുക്കും. ഗുരുവായൂർ മുൻസിപ്പാലിറ്റിയിൽ നാളെ മുതൽ തെരുവ് നായകൾക്കുള്ള വാക്സിനേഷൻ തീവ്ര യജ്ഞം ആരംഭിക്കുകയാണ്. ഇതിന് പുറമേ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വളർത്തുനായകൾക്കുള്ള വാക്സിനേഷൻ പരിപാടിയും നടക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. സർക്കാരിൻറെ ആഹ്വാനപ്രകാരം വാക്സിനേഷൻ പ്രവർത്തനങ്ങൾ അതിവേഗം ഏറ്റെടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ മന്ത്രി അഭിനന്ദിച്ചു.
