പുനലൂര്‍ : അപകടത്തില്‍പ്പെട്ട് പാതയോരത്തു ഒതുക്കിയിട്ടിരുന്ന ലോറിയുടെ ടയറുകള്‍ മോഷ്ട്ടിച്ചു കടത്താന്‍ ശ്രമിക്കവേ മൂന്നംഗ സംഘം പോലീസ് പിടിയില്‍. കുളത്തുപ്പുഴ മടത്തിക്കോണം ലേഖ ഭവനിൽ അഖില്‍(26), ഇ.എസ്എം കോളനി പ്രശാന്ത്(26), നെടുവന്നൂര്‍കടവ് ശ്രീജിത്ത് ഭവനിൽ ശ്രീമോന്(26) എന്നിവരാണ് പുനലൂര്‍ പോലീസിന്റെ പിടിയിലായത്.
ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. അപകടത്തില്‍പ്പെട്ട ലോറിയുടെ ടയറുകള്‍ അഴിച്ചെടുത്തു മറ്റൊരു ലോറിയിലേക്ക് ഇടാന്‍ ശ്രമിക്കവേ ഇതുവഴിയെത്തിയ ഹൈവേ പോലീസ് പെട്രോളിംഗ് സംഘം പ്രതികളെ കയ്യോടെ പിടികൂടുകയായിരുന്നു. പിടിയിലായ മൂവരും മുമ്പും നിരവധി കേസുകളില്‍ പ്രതികളാണ്. പ്രതികളില്‍ ഒരാള്‍ ഇപ്പോള്‍ കുളത്തുപ്പുഴയില്‍ ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങളുടെ ഡ്രൈവറാണ്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ് എന്ന് പുനലൂര്‍ പോലീസ് പറഞ്ഞു. വാഹനങ്ങളുടെ സ്പെയർ പാർട്സ് മോഷ്ടിച്ചു വിൽപ്പന നടത്തുന്ന ഒരു സംഘം കൊല്ലം ജില്ലയിൽ പ്രവർത്തിച്ചുവരുന്നതായി ജില്ലാ പോലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഷാഡോ പോലീസും പുനലൂർ ഡി വൈ എസ് പി വിനോദിന്റെ നിർദേശനുസരണം പുനലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘവും നിരീക്ഷണം നടത്തിവരികയായിരുന്നു. പിടിക്കപ്പെട്ട മൂന്നുപേരും അടൂരിന് സമീപം ആദികാട്ടുകുളങ്ങര ഉള്ള അന്തർ സംസ്ഥാന ലോറിയിലെ ജോലിക്കാർ ആണ്. ഇവർ ലോറിയിലെ ജോലി മറയാക്കി ആയിരുന്നു മോഷണം നടത്തിയത്. മോഷണ സാധനങ്ങൾ ആദിക്കാട്ടുകുളങ്ങരയിലെ പഴയ വാഹനങ്ങൾ പൊളിച്ചു വിൽക്കുന്ന ബിസിനസ്സുകാർക്ക് വില്പന നടത്തുന്നതായിരുന്നു ഇവരുടെ രീതി.
പുനലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജേഷ് കുമാർ, എസ് ഐ മാരായ ഹരീഷ്, ഷിബു കുളത്തുമൺ, ,ഹൈവേ പോലീസ് എസ് ഐ എഡ്മൻഡ്,എസ് സി പി ഒ ഷിജുകുമാർ, മോനി ആർ ചന്ദ്രൻ, സി പി ഒ മാരായ അനൂപ്, രഞ്ജിത് , ഹൈവേ പൊലീസിലെ സി പി ഒ ദീപു എന്നിവർ ചേർന്ന സംഘം ആണ് പ്രതികളെ പിടികൂടിയത്. . അറസ്റ്റിലായ പ്രതികളെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു