പുനരധിവാസവും ക്ഷേമവും ഉറപ്പാക്കി മൽസ്യത്തൊഴിലാളി സമൂഹത്തെ ചേർത്തു നിർത്തിയാകും സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മത്സ്യത്തൊഴിലാളികൾക്കുള്ള പുനരധിവാസ ധനസഹായ വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭവന നിർമാണം പൂർത്തിയാകുന്നതിന് സമയമെടുക്കുമെന്ന് നമുക്കെല്ലാം അറിയാം. അത് പൂർത്തീകരിക്കുന്നത് വരെ കുടുംബങ്ങൾ ഇപ്പോൾ കഴിയുന്ന ക്യാമ്പുകളിൽ തന്നെ കഴിയേണ്ടി വരിക എന്നത് പ്രായോഗികമല്ല. അതിനുള്ള ഒരു ആശ്വാസം എന്ന നിലക്കാണ് വാടക വീട എടുക്കുന്നതിനാവശ്യമായ പണം സർക്കാർ നൽകുന്നത്. വീട്ടു വാടകയിനത്തിൽ എത്ര തുക നൽകേണ്ടതായി വരുമെന്നത് പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ തിരുവനന്തപുരം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ജില്ലാ കലക്ടറുടെ ശുപാർശയനുസരിച്ച് 5,300 രൂപയാണ് ഒരു കുടുംബത്തിന് വാടകയായി അനുവദിക്കേണ്ടത്. സർക്കാർ അത് 5,500 രൂപയായി നിജപ്പെടുത്തുകയായിരുന്നു.
ഫ്ളാറ്റുകൾ നിർമിച്ച് മത്സ്യതൊഴിലാളികളെ മാതൃകാപരമായി പുനരധിവസിപ്പിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഈ മാതൃകയിലാകും തുടർന്നുള്ള പുനരധിവാസ പ്രവർത്തനങ്ങൾ. പുതുതായി നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലം കണ്ടെത്തിയത് മൃഗസംരക്ഷണ വകുപ്പുമായി നടത്തിയ ചർച്ചയിലൂടെയാണ്. ഇങ്ങനെ കണ്ടെത്തിയ എട്ടേക്കർ ഭൂമിയോടൊപ്പം തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റി സൗജന്യമായി നൽകിയ രണ്ട് ഏക്കർ ഭൂമിയിലും ഫ്ളാറ്റുകൾ നിർമിക്കാനുള്ള നടപടികൾ ആരംഭിച്ചു. നമ്മുടെ മത്സ്യത്തൊഴിലാളികൾ പലഘട്ടങ്ങളിലും വലിയതോതിലുള്ള പ്രതിസന്ധികൾ നേരിടുന്നവരാണ്.