ഏതൊരു ജനാധിപത്യസമൂഹത്തെയും നിലനിർത്തുന്നത് വിയോജന ശബ്ദങ്ങളും ക്രിയാത്മക വിമർശനങ്ങളുമാണെന്നും നിരോധിച്ചാൽ ഇല്ലാതാകുന്നതല്ല മൗലികമായ ആവിഷ്ക്കാരങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിഭിന്നമായ അഭിപ്രായപ്രകടനങ്ങളെ അടിച്ചമർത്തുന്ന ഏതൊരു സമൂഹവും സമഗ്രാധിപത്യത്തിലും സ്വേച്ഛാധിപത്യത്തിലും എത്തിച്ചേരും. ഇന്ത്യയിൽ വിവിധ ജനസമൂഹങ്ങളുടെ ശബ്ദങ്ങൾക്ക് ചെവിയോർത്തുകൊണ്ടു മാത്രമേ നമുക്കു മുന്നോട്ടുപോവാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്ര മേളയുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
