പതിനാലാമത് രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേളയിൽ മികച്ച ലോങ് ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ഗീതിക നാരംഗ് അബ്ബാസി സംവിധാനം ചെയ്ത എ.കെ.എ (ഉർഫ്) നേടി. ബോളിവുഡിലെ അപരന്മാരുടെ ജീവിതമാണ് ചിത്രം പ്രമേയമാക്കിയത്. ലിറ്റിൽ വിങ്സ് ആണ് മേളയിലെ മികച്ച കഥാചിത്രം. തമിഴ് സംവിധായകനായ നവീൻ എം. യു ആണ് ചിത്രം സംവിധാനം ചെയ്തത്.
മേളയിലെ മികച്ച ഷോർട്ട് ഡോക്യുമെന്ററിക്കുള്ള പുരസ്കാരം മൈ സൺ ആൻഡ് ഹിസ് ഗ്രാൻഡ് ഫാദർ, ന്യൂ ക്ലാസ്സ് റൂം എന്നീ ചിത്രങ്ങൾ പങ്കിട്ടു. ബംഗാളി സംവിധായകരായ ദെബാങ്കൻ സിങ് സൊളാങ്കി, ബിജോയ് ചൗധരി, എന്നിവരാണ് ചിത്രങ്ങൾ സംവിധാനം ചെയ്തത്. റെബാക്ക ലിസ് ജോൺ സംവിധാനം ചെയ്ത ലേഡീസ് ഓൺലിക്കാണ് ലോങ് ഡോക്യുമെന്ററി വിഭാഗത്തിൽ രണ്ടാം സ്ഥാനം. രണ്ടാമത്തെ മികച്ച ഷോർട്ട് ഡോക്യൂമെന്ററിക്കുള്ള പുരസ്ക്കാരം ഹിന്ദി ചിത്രമായ പാർട്ടി പോസ്റ്ററിന് ലഭിച്ചു (സംവിധാനം ഋഷി ചന്ദന). ദി ലെപ്പേർഡ്സ് ട്രൈബ് എന്ന ചിത്രം ഈ വിഭാഗത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം നേടി.