ശക്തമായ ഔദ്യോഗിക നടപടികളിലൂടെ നാടിന്റെ പുരോഗതിയിൽ തങ്ങളുടെ പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സിവിൽ സർവീസ് പരീക്ഷാ വിജയികളെ ആഹ്വാനം ചെയ്തു. സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജുക്കേഷൻ കേരള (സി.സി.ഇ.കെ) യുടെ കീഴിൽ സംസ്ഥാന സിവിൽ സർവീസ് അക്കാദമിയിൽ നിന്ന് പരിശീലനം ലഭിച്ചവരിൽ കഴിഞ്ഞ വർഷത്തെ സിവിൽ സർവീസ്, ഫോറസ്റ്റ് സർവീസ് പരീക്ഷകളിലെ റാങ്ക് ജേതാക്കളായവർക്കുള്ള അനുമോദന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം. സാമൂഹികമായ ഐക്യം നാടിന്റെ മുന്നേറ്റത്തിനു പ്രധാനമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ ഇപ്പോൾ സാമൂഹിക ഐക്യം തകർക്കുന്ന പ്രവണതകൾ ഉണ്ട്. ഇതിനെതിരേ ശക്തമായ നടപടികൾ ഔദ്യോഗിക ജീവിതത്തിൽ എടുക്കാൻ സാധിക്കണം. അതിലൂടെ മാത്രമേ നാടിന്റെ പുരോഗതി, മതനിരപേക്ഷത നിലനിർത്തൽ എന്നിവ സാധ്യമാകു. അങ്ങനെ പ്രവർത്തിക്കുമ്പോഴാണ് ആർജ്ജിച്ച വിദ്യാഭ്യാസവും തിളക്കമുള്ള വിജയങ്ങളും പൂർണ്ണതോതിൽ അർത്ഥവത്താവുന്നത് മുഖ്യമന്ത്രി ഓർമിപ്പിച്ചു. സിവിൽ സർവീസ് മേഖലയുടെ പ്രത്യേകത അഴിമതി വലിയ തോതിൽ ബാധിക്കാറില്ല എന്നതാണ്. അഴിമതി സ്വജീവിതത്തിൽ ഉണ്ടാവില്ല എന്ന് ഉറപ്പിക്കുക മാത്രമല്ല അഴിമതിയെ പ്രോത്സാഹിപ്പിക്കാത്ത നിലപാട് സർവ്വീസ് ജീവിതത്തിൽ ഉടനീളം പുലർത്തണം. അഴിമതിയിൽ ഒന്നു കാൽ വഴുതിയാൽ പിന്നെ നേരെയാക്കാൻ പ്രയാസമാണെന്നു മനസിലാക്കണം. അതിനാൽ തുടക്കം മുതലേ നല്ല ജാഗ്രത പുലർത്തണം-മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിച്ചു.
