സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ‘അല്പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി 10 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പദ്ധതി തുടങ്ങി രണ്ട് മാസം കൊണ്ടാണ് ഈ ലക്ഷ്യം കൈവരിക്കാനായത്. ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക എന്നത് ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിലും അനിവാര്യമായ കാര്യങ്ങളാണ്. ജീവിതശൈലി രോഗങ്ങള്‍ ഉള്ളവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കി രോഗം നിയന്ത്രിക്കുകയും വരാന്‍ സാധ്യതയുള്ളവര്‍ക്ക് (റിസ്ക് ഫാക്ടേഴ്സ് കണക്കാക്കി സാധ്യത നിര്‍ണയം) രോഗത്തെ പ്രതിരോധിക്കാന്‍ ആവശ്യമായ പിന്തുണയും നല്‍കുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
