അവയവമാറ്റ ശസ്ത്രക്രിയകൾക്കായി വിപുലമായ സൗകര്യത്തോടെ അന്തർദേശീയ നിലവാരത്തിലുള്ള കേന്ദ്രം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വികസിത രാജ്യങ്ങളിലെ മാതൃകയിൽ രാജ്യത്തെ ആദ്യ സംരംഭമായിരിക്കും ഇത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതുതായി പണി കഴിപ്പിച്ച ഫ്ളൈഓവർ നാടിനു സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചികിത്സയ്ക്ക് ആവശ്യമായ ചെലവ് കൂടുന്ന സാഹചര്യത്തിൽ പണമില്ലാത്തതുകൊണ്ട് ഒരാൾക്കും ചികിത്സ നിഷേധിക്കപ്പെടരുതെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. തമിഴ്നാട് അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് ചികിത്സയ്ക്കായി ആളുകൾ എത്തുന്ന സ്ഥലമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ്. മാസ്റ്റർ പ്ലാൻ അനുസരിച്ച് ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾ മെഡിക്കൽ കോളേജിൽ തുടർന്നു വരികയാണ്. ആർദ്രം പദ്ധതിയിലൂടെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ നിലവിൽ വന്നതോടെ എല്ലാത്തരം ശ്രേണിയിലുള്ളവരും പൊതുആരോഗ്യ സംവിധാനം ഉപയോഗപ്പെടുത്തുന്നു. ആശുപത്രി വികസനത്തിനായി കിഫ്ബിയിലൂടെ പണം കണ്ടെത്തി വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കി. 2017ൽ അമ്പതിനായിരം കോടി പശ്ചാത്തല വികസനത്തിന് വിനിയോഗിക്കും എന്നാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്, എന്നാൽ 2021ൽ സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ 72,000 കോടി രൂപയുടെ പദ്ധതി വികസനരംഗത്ത് നടപ്പിലാക്കി വാഗ്ദാനം പാലിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
