സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ തീയും വേവും മുതല്‍ സ്വതന്ത്ര്യമെന്ന ആശയത്തിന്റെ മാരിവില്ലഴക് വരെ 75 അടി നീളമുള്ള കാന്‍വാസില്‍ വര്‍ണ വൈവിധ്യം തീര്‍ത്തപ്പോള്‍ 75-ാംമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഉജ്ജ്വലമായ അടയാളപ്പെടുത്തലായി അത് മാറി. കേരള ചിത്രകലാ പരിഷത്തിന്റെ 15 കലാകാരന്മാരാണ് സ്വാതന്ത്ര്യ ദിനാഘോഷത്തിന് മിഴിവേകി ഇടുക്കി ഐ ഡി എ ഗ്രൗണ്ടില്‍ ആശയാകാശങ്ങള്‍ നിറച്ച മനസ്സും ചായക്കൂട്ടുകളുമായി സ്വാതന്ത്ര്യ ദിനത്തലേന്ന് ഒത്തുകൂടിയത്. ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി ഇടുക്കി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ല ഭരണകൂടവും കേരള ചിത്രകലാ പരിഷത്ത് ജില്ല ഘടകവും സംയുക്തമായി സംഘടിപ്പിച്ച ‘സ്വാതന്ത്ര്യ ചിത്രമെഴുത്താണ്’ ഐ. ഡി.എ ഗ്രൗണ്ടിനെ സ്വാതന്ത്ര്യ സ്മൃതികളാല്‍ നിറച്ചത്.
