സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ജില്ലാ തലത്തിലും ഡയറക്ടറേറ്റ് തലത്തിലും ഫയൽ അദാലത്തുകൾ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും തുടരുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ജൂലൈ 31 നകം സേവനം നൽകേണ്ട ഫയലുകൾ തീർപ്പാക്കാതെ ബാക്കിയുണ്ടെങ്കിൽ, അദാലത്തിൽ ഉൾപ്പെടുത്തി സേവനം ഉറപ്പുവരുത്താനാകണം. ഇതിനായി വീണ്ടും അപേക്ഷ നൽകേണ്ടതില്ല. എല്ലാ ഓഫീസിലും ഫയൽ അദാലത്ത് സംഘാടനത്തിനായി നോഡൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. ആഗസ്റ്റ് 21, സെപ്റ്റംബർ 18 എന്നീ അവധി ദിവസങ്ങളിൽ ജോലിക്കെത്തി ജീവനക്കാർ ഫയൽ തീർപ്പാക്കൽ പ്രവർത്തനത്തിൽ പങ്കാളിയാകും. ഫയൽ തീർപ്പാക്കൽ യജ്ഞം വിജയിപ്പിക്കാൻ എല്ലാ ജീവനക്കാരും പ്രയത്നിക്കണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു.
