പ്രകൃതി ക്ഷോഭങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ വനവത്ക്കരണ പ്രവർത്തനങ്ങൾ സമരപ്രക്രിയയായി ഏറ്റെടുക്കണമെന്നു വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി വനംവകുപ്പ് സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ഏഴു നഗര കേന്ദ്രീകൃത മേഖലകളിൽ സ്മൃതി വനങ്ങൾ ഒരുക്കുന്നത് വലിയ ഗുണം ചെയ്യുമെന്നു മന്ത്രി പറഞ്ഞു. ഓരോ ഇടങ്ങളിലും 75 വീതം വൃക്ഷത്തൈകൾ നട്ട് ഫലപ്രദമായ രീതിയിൽ പരിപാലിക്കാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വരും വർഷങ്ങളിൽ കൂടുതൽ മികച്ച രീതിയിൽ വനവത്ക്കരണ പ്രവർത്തനങ്ങൾ നടത്താൻ വകുപ്പിന് സാധിക്കുമെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.
