സാമൂഹികമായ അംഗീകാരവും അവകാശങ്ങളും നേടിയെടുക്കാൻ പുരുഷ മേധാവിത്വത്തെ മറികടക്കാനുള്ള ആന്തരിക ശക്തി സ്ത്രീസമൂഹം നേടിയെടുക്കണമെന്നും സമൂഹത്തിന്റെ സമഗ്രവും സർവതല സ്പർശിയുമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കുടുംബശ്രീ അംഗങ്ങൾക്ക് നിരന്തരമായ നവീകരണം ആവശ്യവുമാണെന്നും തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.കുടുംബശ്രീയിൽ പുതുതായി ചുമതലയേറ്റ സി.ഡി.എസ് ചെയർപേഴ്സൺമാർക്കായി തിരുവനന്തപുരം മാർ ഗ്രിഗോറിയസ് കൺവെൻഷൻ സെൻററിൽ സംഘടിപ്പിച്ച സംസ്ഥാനതല പരിശീലന പരിപാടി ‘ചുവട് 2022’-ൽ പങ്കെടുത്ത് സംവദിക്കുകയായിരുന്നു അദ്ദേഹം.സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾക്കൊപ്പം സമൂഹത്തിൻറെ ആവശ്യങ്ങൾ എന്തെല്ലാമാണെന്ന് തിരിച്ചറിയേണ്ടത് അനിവാര്യമാണ്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിരന്തരമായി നവീകരിക്കപ്പെട്ടുകൊണ്ട് മനുഷ്യ സമൂഹത്തിനാകെ നേട്ടമാകുന്ന രീതിയിൽ പ്രയോജനപ്പെടുത്തണം. വിജ്ഞാനത്തിൽ അധിഷ്ഠിതമായ സമൂഹത്തെ സൃഷ്ടിച്ച് പുതിയ സമ്പദ്വ്യവസ്ഥ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കെ-ഡിസ്കുമായി ചേർന്നുകൊണ്ട് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ അതിന്റെ ഭാഗമാണ്. ഇതിന്റെ പ്രയോജനം ലഭിക്കുന്നവരിൽ ഏറെയും സ്ത്രീകളായിരിക്കും.
