കനത്തമഴയെത്തുടർന്ന് മൂന്ന് താലൂക്കുകളിൽ ഇന്ന് (തിങ്കൾ) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധികളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. നെടുമങ്ങാട് താലൂക്കിലെ അംഗൻവാടികൾ, സർക്കാർ , എയ്ഡഡ്, അൺ എയ്ഡഡ് സ്ക്കൂളുകൾക്കു ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു
അതേസമയം, തെക്കന്‍ കേരളത്തില്‍ വ്യാപകമഴ. മഴക്കെടുതികളില്‍ രണ്ടുപേര്‍ മരിച്ചു. കൊല്ലം അച്ചന്‍കോവില്‍ കുംഭാവുരുട്ടിയില്‍ മലവെള്ളപ്പാച്ചില്‍ ഒരാള്‍ മരിച്ചു. തമിഴ്നാട് മധുര സ്വദേശി കുമരനാണ് മരിച്ചത്. കുടുങ്ങിക്കിടന്ന അഞ്ചുപേരെ രക്ഷപ്പെടുത്തി. പത്തനംതിട്ട റാന്നി കൊല്ലമുളയില്‍ ഒഴുക്കില്‍പ്പെട്ട് കൊല്ലമുള സ്വദേശി അദ്വൈത് മരിച്ചു.
പത്തനംതിട്ട സീതത്തോട്ടില്‍ തോടുകള്‍ കരകവിഞ്ഞു. കൊക്കാത്തോട്ടില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടു. ഡ്രൈവര്‍ രക്ഷപ്പെട്ടു. കോട്ടയം മൂന്നിലവ് ടൗണിലും പഞ്ചായത്ത് ഓഫിസിലും വെള്ളംകയറി. മുണ്ടക്കയം എരുമേലി സംസ്ഥാനപാതയില്‍ ഗതാഗതം തടസപ്പെട്ടു. തലനാട് പഞ്ചായത്തിലും ഉരുള്‍പൊട്ടി. മീനച്ചില്‍, മണിമലയാറുകളില്‍ ജലനിരപ്പുയരുകയാണ്. . ഇടുക്കി കട്ടപ്പന ആനവിലാസത്തിന് സമീപം ശാസ്തനടയിലും മൂലമറ്റം കണ്ണിക്കല്‍ മലയിലും ഉരുള്‍പൊട്ടി. മണപ്പാടി, കച്ചിറമറ്റം പാലങ്ങള്‍ വെള്ളത്തിനടിയിലായി. രണ്ട് വീടുകളില്‍ വെള്ളം കയറി. തിരുവനന്തപുരം വിതുര മക്കിയാര്‍ കരകവിഞ്ഞു. വീടുകളില്‍ വെള്ളം കയറി. നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ രണ്ടര സെന്റീമീറ്റര്‍ ഉയര്‍ത്തി. പൊന്മുടി, കല്ലാര്‍, മങ്കയം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. കൊല്ലം കുളത്തൂപ്പുഴ അമ്പതേക്കര്‍ പാലത്തില്‍ വെള്ളം കയറി. അമ്പതേക്കര്‍ ട്രൈബല്‍ ഹോസ്റ്റലിലെ കുട്ടികളേയും ജീവനക്കാരേയും മാറ്റിപ്പാര്‍പ്പിച്ചു.