കോട്ടയം: രാജ്യം ലക്ഷ്യം വെച്ചതിനപ്പുറം വളർച്ച വൈദ്യുതി മേഖല കൈവരിച്ചതായി സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഊർജ്ജ രംഗത്തെ നേട്ടങ്ങൾ ഉൾപ്പെടുത്തി ‘പവർ@ 2047 ഉജ്ജ്വല ഭാരതം, ഉജ്ജ്വല ഭാവി’ എന്ന പേരിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ സംഘടിപ്പിച്ച വൈദ്യുതി മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്പാദന- വ്യവസായിക മേഖലകളെ പരിപോഷിപ്പിക്കാൻ ഈ വളർച്ച സഹായകരമായതായും ഒരു ജനതയെ മുഴുവൻ ഒരുമിച്ച് നിർത്താൻ കഴിയുന്ന സാമൂഹിക സംവിധാനമായി വൈദ്യുതി മേഖല വളർന്നതായും അദ്ദേഹം പറഞ്ഞു. നിലവിൽ മറ്റു രാജ്യങ്ങൾക്ക് വൈദ്യുതി നൽകാൻ നമുക്ക് കഴിയുന്നുണ്ട്. ഊർജ്ജ സ്രോതസുകൾ കാര്യക്ഷമമായി ഉപയോഗിച്ച് വരും തലമുറയ്ക്ക് വേണ്ടി സൂക്ഷിച്ചു വയ്ക്കേണ്ട കടമ ഓരോ പൗരനുമുണ്ടെന്നും ഡോ.എൻ. ജയരാജ് പറഞ്ഞു.
