ഇടുക്കി മെഡിക്കല്‍ കോളജിന്റെ സുഗമ പ്രവര്‍ത്തനത്തിന് ആവശ്യമായ മെഡിക്കല്‍ ഓഫീസര്‍മാരും നഴ്സുമാരും പാരാമെഡിക്കല്‍ സ്റ്റാഫും അടക്കം ആവശ്യമായ മുഴുവന്‍ ജീവനക്കാരെയും നല്‍കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്. മെഡിക്കല്‍ കോളജില്‍ 100 എംബിബിഎസ് സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചതിനു പിന്നാലെ ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം.
ആശുപത്രിയില്‍ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കും. ജില്ലാ കലക്ടറും ജില്ലാ ആസൂത്രണ സമിതിയുടെ ഉപാധ്യക്ഷന്‍ സി.വി. വര്‍ഗീസും വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും ഉള്‍പ്പെടുന്ന ആശുപത്രി വികസന സമിതിയുടെ (എച്ച്ഡിസി) മേല്‍നോട്ടത്തിലാകും മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഭാവി വികസനം ആസൂത്രണം ചെയ്യുക. പുതിയ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് തുടങ്ങുന്നതിനു മുന്‍പായി ദൈനംദിന അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് സൗകര്യങ്ങള്‍ പൂര്‍ണമായി ഒരുക്കും. ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനം അടക്കം എച്ച്ഡിസിയുടെ നേതൃത്വത്തില്‍ ഒരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇടുക്കി മെഡിക്കല്‍ കോളജ് തുടങ്ങിയിട്ട് വളരെ കുറച്ചു കാലം മാത്രമാണ് ആയിട്ടുള്ളത്. ഒരു ഗ്രാമത്തിലാണ് ഇത്രയും വലിയ സൗകര്യങ്ങള്‍ ഒരുക്കേണ്ടത്. രാഷ്ട്രീയത്തിന് അതീതമായി ഒറ്റക്കെട്ടായി നിന്ന് ആവശ്യങ്ങള്‍ നേടിയെടുക്കേണ്ടതുണ്ട്. പുതിയ കെട്ടിടങ്ങള്‍ അടക്കം നിര്‍മിക്കേണ്ടതുണ്ട്. ഓണ്‍കോളജി, യൂറോളജി, കാര്‍ഡിയോളജി വിഭാഗങ്ങള്‍ ആരംഭിക്കണം. ഇതിനെല്ലാം കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.