സംസ്ഥാന ചരക്കു സേവന നികുതി (ജി.എസ്.ടി) വകുപ്പിന്റെ പുനഃസംഘടനയ്ക്കു സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പുതിയ നികുതി നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി സംസ്ഥാന ജി.എസ്.ടി. വകുപ്പിന്റെ ഘടനയിലും പ്രവർത്തനത്തിലും കാലോചിതമായ പരിഷ്കരണം ഉണ്ടാക്കുന്നതിനായാണു പുനഃസംഘാടനം നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പുനഃസംഘടനയനുസരിച്ച് നികുതിദായക സേവന വിഭാഗം, ഓഡിറ്റ് വിഭാഗം, ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് വിഭാഗം എന്നിങ്ങനെ മൂന്നു പ്രധാന വിഭാഗങ്ങൾ ഇനി വകുപ്പിലുണ്ടാകും.
രജിസ്ട്രേഷൻ, റിട്ടേൺ സമർപ്പണം ഇതു സംബന്ധിച്ച പരിശോധനകൾ, റീഫണ്ടുകൾ, തർക്ക പരിഹാരമാർഗ്ഗങ്ങൾ എന്നിവ നിർവഹിക്കപ്പെടുന്ന വിഭാഗമാണ് നികുതിദായക സേവന വിഭാഗം. റിട്ടേണുകളുടെ സൂക്ഷ്മപരിശോധനകൾ, ഓഡിറ്റ് തുടങ്ങിയ പതിവ് റവന്യൂ മോണിറ്ററിംഗ് പ്രവർത്തനങ്ങൾക്കായാണ് ഓഡിറ്റ് വിഭാഗം. ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ് എന്നിവയ്ക്കായുള്ള ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ 41 ഇന്റലിജൻസ് യൂണിറ്റുകളും 47 എൻഫോഴ്സ്മെന്റ് യൂണിറ്റുകളും ഉൾപ്പെടും.
മൂന്ന് വിഭാഗങ്ങൾക്കും, നിലവിലുള്ള മറ്റു വിഭാഗങ്ങൾക്കും പുറമെ, ടാക്സ് റിസർച്ച് ആൻഡ് പോളിസി സെൽ, റിവ്യൂ സെൽ, സി ആൻഡ് എ.ജി സെൽ, അഡ്വാൻസ് റൂളിംഗ് സെൽ, പബ്ലിക് റിലേഷൻസ് സെൽ, സെൻട്രൽ രജിസ്ട്രേഷൻ യൂണിറ്റ്, ഇന്റർ അഡ്മിനിസ്ട്രേഷൻ കോ-ഓർഡിനേഷൻ സെൽ എന്നിവ ആസ്ഥാന ഓഫീസ് കേന്ദ്രീകരിച്ച് പുതുതായി സൃഷ്ടിക്കും.
