*ആദ്യഘട്ടത്തിൽ 500 വാഹനങ്ങൾ
സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഓൺലൈൻ ഓട്ടോ ടാക്സി സർവീസ് ‘കേരള സവാരി’ ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17 ) യാഥാർഥ്യമാകും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അംഗീകൃത നിരക്കിൽ സുരക്ഷിത യാത്ര ഉറപ്പാക്കാനാകുമെന്നാണ് കേരള സവാരിയുടെ പ്രത്യേകതയെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൊഴിൽവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കേരള സവാരിയുടെ ഭാഗമായി 500 ഓട്ടോറിക്ഷകൾ ആദ്യഘട്ടത്തിൽ നിരത്തിലിറങ്ങും. തിരക്കുള്ള സമയങ്ങളിലും നിശ്ചിത നിരക്കിൽ യാത്ര ചെയ്യാനാകുമെന്നതാണ് പ്രത്യേകത, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പാനിക് ബട്ടൺ സംവിധാനവും വാഹനങ്ങളിലുണ്ടാകും.
വൻകിട കമ്പനികൾക്ക് മാത്രം സാധ്യമായ മേഖലയെന്ന് കരുതപ്പെടുന്ന ഓൺലൈൻ ടാക്സി സർവീസ് മേഖലയിലേക്ക് പ്രവേശിക്കാനുള്ള സർക്കാർ തീരുമാനം തൊഴിൽരംഗത്തെ വിപ്ലവകരമായ ഇടപെടലാണെന്നു മന്ത്രി പറഞ്ഞു. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം ഓൺലൈൻ ടാക്സി സംവിധാനത്തിലേക്ക് കടക്കുന്നത്. സംസ്ഥാനത്തെ ഓട്ടോ -ടാക്സി ശൃംഖലകളെ ബന്ധിപ്പിച്ച് സർക്കാർ നടപ്പിലാക്കുന്ന കേരളസവാരിയിൽ സുരക്ഷിതവും തർക്കരഹിതവുമായ യാത്ര അംഗീകൃത നിരക്കിൽ പൊതുജനങ്ങൾക്ക് നൽകുന്നതിനൊപ്പം മോട്ടോർ തൊഴിലാളികൾക്കും അതേ നിരക്ക് ലഭിക്കുന്നത് ഉറപ്പാക്കും. തിരുവനന്തപുരം നഗരസഭാ പരിധിയിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രവർത്തനം പഠനവിധേയമാക്കി ആവശ്യമെങ്കിൽ വേണ്ട മാറ്റങ്ങൾ വരുത്തി സംസ്ഥാനത്തൊട്ടാകെ വ്യാപകമാക്കുമെന്നും മന്ത്രി പറഞ്ഞു.
കേരള സവാരിയിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഓട്ടോ ടാക്സി നിരക്കിനൊപ്പം എട്ട് ശതമാനം സർവീസ് ചാർജ്ജ് മാത്രമാണ് ഈടാക്കുക. മറ്റ് ഓൺലൈൻ ടാക്സി സർവീസുകളിൽ അത് 25 ശതമാനത്തിലും മുകളിലാണ്. സർവീസ് ചാർജായി ഈടാക്കുന്ന എട്ടുശതമാനം തുക പദ്ധതി നടത്തിപ്പിനും യാത്രക്കാർക്കും ഡ്രൈവർമാർക്കും പ്രമോഷണൽ ഇൻസെന്റീവ്സ് നൽകുന്നതിനും മറ്റുമായി ഉപയോഗപ്പെടുത്തും. നിലവിലെ ഓൺലൈൻ ടാക്സി സംവിധാനങ്ങളിലെല്ലാം മോട്ടോർ തൊഴിലാളികൾക്ക് ലഭിക്കുന്ന നിരക്കും യാത്രക്കാരിൽ നിന്നും ഈടാക്കുന്ന നിരക്കും തമ്മിൽ 20 മുതൽ 30 ശതമാനം വരെ വ്യത്യാസമുണ്ട്.
