ആരോഗ്യ സംരക്ഷണത്തിന് കർക്കിടക ഫെസ്റ്റുമായി ചെമ്പിലോട് പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർ. ഒമ്പതാം വാർഡിലെ എട്ട് കുടുംബശ്രീ യൂണിറ്റുകൾ ചേർന്നാണ് കർക്കിടക മരുന്നുകൾ, കഞ്ഞിക്കൂട്ട്, കർക്കിടക കിറ്റ്, തവര ഇല എന്നിവയുടെ പ്രദർശനവും വിപണനവും ഒരുക്കിയത്. മഴക്കാലത്തെ ആരോഗ്യ സംരക്ഷണമാണ് വെള്ളച്ചാലിൽ നടക്കുന്ന മേളയുടെ ലക്ഷ്യം. ഒരു കിലോ മരുന്നിന് 400, മരുന്ന് കിറ്റിന് 220, തവര ഇലക്ക് 10 എന്നിങ്ങനെയാണ് വില. ഔഷധ ഗുണമുള്ള തവരയുടെ ഗുണങ്ങൾ ബോധ്യപ്പെടുത്താനാണ് വിൽപ്പന. ചക്ക കൊണ്ട് ഉണ്ടാക്കിയ കേക്ക്, കിണ്ണത്തപ്പം, ലഡു, അലുവ, പായസം തുടങ്ങിയവയും മേളയിലെ ഇനങ്ങളാണ്. അലുവക്കും കേക്കിനും 50 രൂപയും കിണ്ണത്തപ്പത്തിന് 100 രൂപയുമാണ് വില. ഇവയെല്ലാം വാങ്ങാൻ നിരവധിപ്പേരാണ് എത്തുന്നത്. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന മേള വെള്ളിയാഴ്ച സമാപിക്കും. രാവിലെ 10 മുതൽ രാത്രി 7 വരെയാണ് വിൽപ്പന.
