സംസ്ഥാനത്ത് തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീ സൗഹൃദമാകുന്നുവെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്ത്രീ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി നിരവധി പദ്ധതികളാണ് തൊഴിൽ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നതെന്നും അതിന്റെ പരിണിത ഫലമായാണ് തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീ സൗഹൃദ ഇടങ്ങളായി മാറിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ ഒരു വർഷത്തെ തൊഴിൽ വകുപ്പിന്റെ പ്രവർത്തനങ്ങളെകുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തൊഴിൽ വകുപ്പിന്റെ സജീവമായ ഇടപെടൽ എല്ലാ തൊഴിൽ മേഖലയിലുമുണ്ടെന്നും വികസന സൗഹൃദ തൊഴിൽ സംസ്കാരം എന്ന ആശയം തൊഴിലാളികളും തൊഴിലുടമകളും ഒരുപോലെ സ്വീകരിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും സാമൂഹിക സുരക്ഷക്കുമായി നിലവിലുള്ള നിയമങ്ങളിൽ ഒൻപത് നിയമഭേദഗതികളാണ് കഴിഞ്ഞ വർഷം വകുപ്പ് കൊണ്ടുവന്നത് തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം 58 ൽ നിന്നും 60 വയസായി വർധിപ്പിച്ചതും ചുമട് ഭാരം 75 കിലോയിൽ നിന്നും 55 ആക്കി കുറച്ചതും തൊഴിലാളിപക്ഷ സമീപന നിലപാടുകളുടെ ഭാഗമാണ്. സ്ത്രീകൾക്കും കൗമാരക്കാർക്കും എടുക്കാവുന്ന പരമാവധി ചുമട് ഭാരം 35 കിലോ ആക്കിയിട്ടുണ്ട്.