കേരള ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷം (2021-22) 40,950.04 കോടി രൂപ വായ്പയായി നൽകിയെന്നു സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. ഇക്കാലയളവിൽ 69907.12 കോടി രൂപ നിക്ഷേപമുണ്ടാക്കാനായി. നിക്ഷേപ സമാഹരണത്തിലും വായ്പാ വിതരണത്തിലും കഴിഞ്ഞ സാമ്പത്തിക വർഷം കേരള ബാങ്കിന് മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
2019 നവംബറിൽ രൂപീകൃതമായ കേരള ബാങ്കിന്റെ രണ്ടു വർഷത്തെ പ്രവർത്തന നേട്ടം മികച്ചതാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. 110857.15 കോടി രൂപയുടെ ബിസിനസാണ് കഴിഞ്ഞ സാമ്പത്തിക വർഷം ബാങ്ക് നടത്തിയത്. മുൻ സാമ്പത്തിക വർഷത്തേക്കാൾ 4460.61 കോടി അധികമാണിത്.
നിഷ്ക്രിയ ആസ്തി (എൻ.പി.എ) 31.03.2021 ൽ 14.47 ആയിരുന്നത് 31.03.2022 ൽ 13.35 ശതമാനമായി കുറയ്ക്കാനായി. 31.03.2021 ൽ 5738.60 കോടി ആയിരുന്ന നിഷ്ക്രിയ ആസ്തി (എൻ.പി.എ) 31.03.2022 ൽ 5466.54 കോടിയായി കുറഞ്ഞു. ബാങ്കിന്റെ വരുമാനം 31.03.2021 ൽ 5933.24 കോടിയായിരുന്നത് 31.03.2022 ൽ 6349.49 കോടിയായി വർധിച്ചു.