സംസ്ഥാനത്ത് സർക്കാർ മേഖലയിൽ മരുന്ന് പ്രതിസന്ധി എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മരുന്ന് ലഭ്യത ഉറപ്പാക്കുന്നതിനു വേണ്ടി പ്രത്യേക ക്രമീകരണങ്ങൾ ചെയ്തു. മരുന്ന് ലഭ്യത ഉറപ്പാക്കാനും, വിതരണം സുഗമമാക്കാനും മേൽനോട്ടം വഹിക്കാൻ പ്രത്യേക ടീമിനെ നിയോഗിക്കാൻ കെ.എം.എസ്.സി.എൽ-നോട് ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിലും ഏകോപനത്തിനും ഇടപെടലിനും പരിശോധനയ്ക്കുമായി പ്രത്യേക നോഡൽ ഓഫീസർമാരെ നിയോഗിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനുള്ള മറുപടി പറയുകയായിരുന്നു മന്ത്രി.
