കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു സംസ്ഥാന നിയമസഭാ സാമാജികർക്കായി പ്രഭാഷണം സംഘടിപ്പിച്ചു. കേരള ലെജിസ്ലേറ്റിവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡീസും (കെ-ലാംപ്സ്) യുനിസെഫും സംയുക്തമായി സംഘടിപ്പിച്ച പരിപാടി നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പുനെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്ററോളജിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. റോക്സി മാത്യു കോൾ പ്രഭാഷണം നടത്തി. കാലാവസ്ഥാ വ്യതിനായത്തെ നേരിടാൻ കേരളം മുന്നോട്ടുവയ്ക്കുന്ന നടപടികൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ആഗോളതാപനത്തിന്റെ പ്രതിഫലനം വലിയ തോതിൽ കേരളത്തെ ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമുദ്ര നിരപ്പിൽ ഓരോ വർഷവും മൂന്നു മില്ലീമീറ്ററിന്റെ വർധനവാണുണ്ടാകുന്നത്. ചുഴലിക്കാറ്റുകളുടെ എണ്ണത്തിൽ 50 ശതമാനത്തോളം വർധനവുണ്ടാകുന്നെന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇവയുടെ ദൈർഘ്യത്തിലും വലിയ വർധനവുണ്ടാകുന്നു. മത്സ്യസമ്പത്തിന്റെ കുറവും ശുദ്ധജല ദൗർലഭ്യവും കാലാവസ്ഥാ മാറ്റത്തിന്റെ പരിണിതഫലങ്ങളാണ്. അതിതീവ്രമഴയും ഉരുൾപൊട്ടലുകളും ഇതുമൂലം വർധിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള താപനത്തിൽ ഒരു ഡിഗ്രിയിൽ വന്ന വർധനവിന്റെ പരിണിതഫലമാണ് ഇത്. ഇത് വീണ്ടും വർധിക്കുമ്പോഴുണ്ടാകുന്ന ആഘാതവും വലുതായിരിക്കും. കാലാവസ്ഥാ വ്യതിയാനത്തിനെതിരേ പ്രാദേശിക ഇടപെടലാണു വേണ്ടതെന്നും ഇക്കാര്യത്തിൽ ദീർഘകാല നയരൂപീകരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.