കുന്നിക്കോട് : കുറ്റകരമായ നരഹത്യക്ക് ശ്രമിച്ച കേസിലെ പ്രതിയായ ചക്കുവരയ്ക്കുൽ കോട്ടവട്ടം വട്ടപ്പാറ ഗുരുമന്ദിരത്തിന് സമീപം വിനോദ് ഭവനം വീട്ടിൽ അനിൽകുമാർ (41) നെയാണ് അറസ്റ്റ് ചെയ്തത്. ചക്കുവരയ്ക്കൽ കോട്ടവട്ടം ഗാന്ധി ഗ്രാം എന്ന സ്ഥലത്ത് ജെറോം ഭവനിൽ ജോസ് (52) നെയാണ് കുത്തിക്കൊല്ലാൻ ശ്രമിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കേസിനാസ്പദമായ സംഭവം. ജോസിന്റെ വീടിന് സമീപം നിന്ന് പ്രതി ഉച്ചത്തിൽ ചീത്ത വിളിച്ചതും പ്രതിയുടെ ജ്യേഷ്ഠൻ വിനോദിന്റെ കാർ അടിച്ച് പൊട്ടിച്ചതിനെ ചോദ്യം ചെയ്തതിലുള്ള വിരോധത്താലും ചക്കുവരയ്ക്കൽ വില്ലേജിൽ കോട്ടവട്ടം വട്ടപ്പാറ ഗുരുമന്ദിരത്തിന് സമീപം പഞ്ചായത്ത് റോഡിലും പരിസരത്തും വച്ച് പ്രതി ജോസിനെ തടഞ്ഞ് നിർത്തി ചീത്ത വിളിക്കുകയും കൈ കൊണ്ട് തോളത്ത് ഇടിച്ചും പോക്കറ്റിൽ കരുതിയിരുന്ന പിച്ചാത്തി കൊണ്ട് പരാതിക്കാരന്റെ ഇടത് ആറാം വാരി ഭാഗത്ത് ആഞ്ഞ് കുത്തുകയുമായിരുന്നു. കുന്നിക്കോട് ഐ.എസ.എച്ച്.ഒ അൻവർ, എസ്.ഐ വൈശാഖ് കൃഷ്ണൻ, എസ്.സി.പി.ഒ വിജയൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അനിൽ കുമാറിനെ ഉപദ്രവിച്ചതിന് വിനോദിനെയും ജോസിനെയും പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്
