തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ പടരുന്ന തക്കാളിപ്പനിക്കു കാരണമാകുന്നത് കോക്സാകി വൈറസ് വകഭേദങ്ങളാണെന്നു കണ്ടെത്തല്‍. തിരുവനന്തപുരത്ത് അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാംപിള്‍ വിശകലനത്തിലാണ് സ്ഥിരീകരണം.
എന്ററോ വൈറസ് വിഭാഗത്തില്‍ വരുന്നതാണ് കോക്സാകി. ഇതിന്റെ എ-6, എ-16 വകഭേദങ്ങളാണ് സംസ്ഥാനത്ത് പടരുന്നതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇ. ശ്രീകുമാര്‍ പറഞ്ഞു. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍നിന്നുള്ള സാംപിളുകളുടെ ജനിതകശ്രേണീകരണമാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയത്.
മിക്ക ജില്ലകളിലും, കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും തക്കാളിപ്പനി റിപ്പോര്‍ട്ടുചെയ്യുന്നുണ്ട്. താരതമ്യേന ഗുരുതരമല്ലാത്ത രോഗമാണ് തക്കാളിപ്പനി.